തൂണേരിയിൽ പഞ്ചായത്ത് അംഗത്തെയും മകളെയും അക്രമിച്ച സംഭവം; പ്രതി അറസ്റ്റില്‍


നാദാപുരം: തൂണേരി പഞ്ചായത്ത് അംഗത്തെയും മകളെയും അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വരിക്കോളി ചാത്തന്‍കുളങ്ങര മുഹമ്മദ് ഷാഫി (29) ആണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. തൂണേരി പഞ്ചായത്ത് അംഗവും സി.പി.എം കണങ്കൈ ഈസ്റ്റ് ബ്രാഞ്ച് അംഗവുമായ കാനന്തേരി കൃഷ്ണൻ (49) മകള്‍ അശ്വതി (22) എന്നിവർക്കാണ് മദ്ദനമേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ തൂണേരി സൂപ്പര്‍ മാര്‍ക്കറ്റിന് സമീത്ത് വച്ചായിരുന്നു അക്രമണം. ഓട്ടോ ഡ്രൈവറായ കൃഷ്ണൻ ഭാര്യക്കും മകള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വാഹനത്തിന് കടന്ന് പോവാൻ സൈഡ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു ഷാഫി കൃഷ്ണനെ അക്രമിച്ചത്‌.

കൃഷ്ണനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു അശ്വതിക്കും മര്‍ദനമേറ്റത്. തുടര്‍ന്ന്‌ ഇരുവരും നാദാപുരം ഗവൺമെൻ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും മർദ്ദനത്തിൽ മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് അശ്വതിയെ വിദഗ്ധ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. അക്രമണത്തില്‍ പ്രതിഷേധിച്ച് തൂണേരിയില്‍ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തിയിരുന്നു.

Description: Incident of attack on panchayat member and daughter; The accused was arrested