നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവം; മുഖ്യ സൂത്രധാരന്‍ പിടിയില്‍


നടുവണ്ണൂര്‍: നടുവണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കരിമ്പാപൊയില്‍ സ്വദേശി ഷാനവാസ് (47) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ നടുവണ്ണൂര്‍ കൊടോളി മീത്തല്‍ മിഥുന്‍ ആയിരുന്നു ആക്രമിക്കപ്പെട്ടത്.

2024 സെപ്റ്റംബര്‍ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നടുവണ്ണൂരില്‍ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മല്‍ അങ്ങാടി മൂലക്കല്‍ താഴെ യാത്രക്കാരനുമായെത്തിയതായിരുന്നു മിഥുന്‍. ആളെ ഇറക്കി തിരിച്ചുപോകാന്‍ നേരം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മിഥുനെ ആക്രമിക്കുകയായിരുന്നു. കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു.

ഷാനവാസും മകനും ചേര്‍ന്നാണ് മിഥുനെതിരെ ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഷാനവാസിനെതിരെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി വഞ്ചന കേസുകള്‍ നിലവിലുണ്ട്. നടവണ്ണൂരിലെ സോമസുന്ദരന്‍ എന്നയാളില്‍ നിന്നും 55ലക്ഷം രൂപ പരാതിയില്‍ പണം തിരികെ കിട്ടാനായി മിഥുനുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. ഇതിനായി ഷാനവാസിന്റെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിലയിരുത്തല്‍.

Description: Incident of attack on auto driver in Naduvannur; The mastermind is under arrest