ടൂറിസം ഭൂപടത്തില്‍ പേരാമ്പ്രയുടെ പുതിയമുഖം; ചേര്‍മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു, പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി 11ന്


പേരാമ്പ്ര: പേരാമ്പ്രയുടെ മണ്ണില്‍ നിന്നും ഒരിടം കൂടി ടൂറിസം ഭൂപടത്തിലേക്ക്. ചേര്‍മല ടൂറിസം പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. ടൗണിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചേര്‍മല, പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്.

പേരാമ്പ്ര പട്ടണത്തിന്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ ദൃശ്യമാകും. കുന്നിന്‍ മുകളിലെ വിശാലമായ പുല്‍മൈതാനവും കാഴ്ചക്കാരുടെ മനം കവരുന്നവയാണ്. ശിലായുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ നരിമഞ്ചയെന്ന ചെങ്കല്‍ ഗുഹയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. വിശാലമായ ചെങ്കല്ലിനടിയിലാണ് ഗുഹയുള്ളത്. പ്രവൃത്തി യാഥാര്‍ത്ഥ്യമാവുന്നതോയെ ടൂറിസം ഭൂപടത്തില്‍ അധികം വൈകാതെ ചേര്‍മലയും സ്ഥാനമുറപ്പിക്കുമെന്നതില്‍ സംശയമില്ല.

ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസന പ്രവൃത്തികള്‍ക്കായി 3.59 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, ലൈറ്റ് സംവിധാനം എന്നിവയെല്ലാമാണ് പ്രധാനമായും ഒരുക്കുക.

പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി പതിനൊന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ചടങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണ യോഗവും ചേര്‍ന്നു.

summary: inauguration of perambra Chermala tourism project on February 11