15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതല സംഭരണി, 6652 വീട്ടുകാര്‍ക്ക് കുടിവെള്ളം; മേപ്പയൂര്‍ പഞ്ചായത്തില്‍ ജലജീവന്‍ മിഷന്‍ പ്രവൃത്തി ഉദ്ഘാടനം


മേപ്പയൂര്‍: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്ന ജല്‍ജീവന്‍ പദ്ധതിയുടെ പ്രവൃത്തി ഉല്‍ഘാടനം മേപ്പയൂരില്‍ നടന്നു. പദ്ധതിയുടെ ഉദ്ഘാടനം ടിപി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.

208 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്. 6652 വീടുകള്‍ക്കാണ് ഇതുവഴി വാട്ടര്‍ കണക്ഷന്‍ നല്‍കുന്നത്. 39 കോടി 16 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്രവൃത്തി നടത്തുന്നത് മിഡ്‌ലാന്റ് എഞ്ചിനിയറിങ് ആന്റ് കോണ്‍ടാക്‌റോഴ്‌സ് കമ്പനിയാണ്.

പദ്ധതിയുടെ നടത്തിപ്പിനായി 15 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഭൂതലസംഭരണി നിര്‍മ്മിക്കുകയും നിലവിലുള്ള 5 ലക്ഷം ശേഷിയുള്ള ഭൂതലസംഭരണി നവീകരിച്ച് ബൂസ്റ്റര്‍ ടാങ്ക് നിര്‍മ്മിക്കുകയും ചെയ്യും. കൂടാതെ ബൂസ്റ്റര്‍ സ്റ്റേഷനില്‍ നിന്നും പുതിയതായി നിര്‍മ്മിക്കുന്ന ഭൂതലസംഭരണിയിലേക്ക് പൈപ്പുകള്‍ സ്ഥാപിക്കുന്നതിനും പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ കേടുവരുന്ന റോഡുകള്‍ പുനരുദ്ധീകരിക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. ഈ പ്രവര്‍ത്തിയുടെ ശ്രോതസ്സ് പെരുവണ്ണാമൂഴിയില്‍ നിര്‍മ്മിക്കുന്ന ശുദ്ധീകരണ ശാലയാണ്. 2024 ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും.

മേപ്പയ്യൂര്‍ നഗരത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ എ. ആരുണ്‍ കുമാര്‍. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പാര്‍ട്ടി പ്രതിനിധികളായ പി.പി.രാധാകൃഷ്ണന്‍, ഇ മുഹമ്മദ് ബഷീര്‍, ഫൈസല്‍ ചാവട്ട്, സുനില്‍ ഓടയില്‍, എം.കെ.രാമചന്ദ്രന്‍, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍, സോഷ്യോ ഇക്‌ണോമിക്ക് യൂനിറ്റ് ഫണ്ടേഷന്‍ പ്രതിനിധി കെ.രാധാകൃഷ്ണന്‍, പഞ്ചായത്ത് സെക്രട്ടരി എസ്. മനു എന്നിവര്‍ പ്രസംഗിച്ചു.