ടൂറിസം ഭൂപടത്തില്‍ ചേര്‍മലയും ഇടം പിടിക്കും: ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, ലൈറ്റ് സംവിധാനം എന്നിവ ഒരുക്കും; ചേര്‍മല ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്
പേരാമ്പ്ര: ചേര്‍മല ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പ്രവൃത്തി യാഥാര്‍ത്ഥ്യമാവുന്നതോയെ ടൂറിസം ഭൂപടത്തില്‍ അധികം വൈകാതെ ചേര്‍മലയും സ്ഥാനമുറപ്പിക്കും.
ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന വിനോദസഞ്ചാര വികസന പ്രവൃത്തികള്‍ക്കായി 3.59 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓപ്പണ്‍ എയര്‍ തിയേറ്റര്‍, നടപ്പാതകള്‍, ലൈറ്റ് സംവിധാനം എന്നിവയെല്ലാമാണ് പ്രധാനമായും ഒരുക്കുക.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. റീന സ്വാഗതം പറഞ്ഞു. എ.കെ. പത്മനാഭന്‍ മാസ്റ്റര്‍, കെ. കുഞ്ഞമ്മദ് മാസ്റ്റര്‍, യുവജനക്ഷേമ ബോര്‍ഡ് എസ്.കെ. സജീഷ്, വാര്‍ഡ് മെമ്പര്‍ സജു ചെറുവത്ത്, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പേരാമ്പ്ര ടൗണിനോട് ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചേര്‍മല, പ്രദേശത്തെ ഏറ്റവും ഉയരമേറിയ സ്ഥലമാണ്. പേരാമ്പ്ര പട്ടണത്തിന്റെ ഏറ്റവും മനോഹരമായ ആകാശക്കാഴ്ച ഇവിടെ ദൃശ്യമാകും. കുന്നിന്‍ മുകളിലെ വിശാലമായ പുല്‍മൈതാനവും കാഴ്ചക്കാരുടെ മനം കവരുന്നവയാണ്. ശിലായുഗ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ നരിമഞ്ചയെന്ന ചെങ്കല്‍ ഗുഹയും ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. വിശാലമായ ചെങ്കല്ലിനടിയിലാണ് ഗുഹയുള്ളത്.