കോടിയേരിയുടെ സ്മരണ പേരാമ്പ്രയിൽ എന്നും നിലനിൽക്കും; സംസ്ഥാനത്തുതന്നെ ആദ്യ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് പേരാമ്പ്രയിൽ ശിലയിട്ടു


പേരാമ്പ്ര: സി.പി.ഐ.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിര്‍മിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാടനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടരിയറ്റംഗം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ അധ്യക്ഷനായി.

സി എച്ച് കണാരന്‍ അനുസ്മരണവും ചടങ്ങില്‍ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചരിത്രം വളച്ചൊടിക്കാനും ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുമുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ദേശാഭിമാനബോധത്തിന് ക്ഷതമേല്‍പ്പിച്ചിട്ടുള്ള സവര്‍ക്കറെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് മുകളിലായി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ വളര്‍ച്ചയില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയിട്ടുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും കൂടുതല്‍ ജനസ്വാധീനം ഉറപ്പിക്കാനുമുള്ള പ്രവര്‍ത്തനമാണ് പിന്തുടരേണ്ടതെന്നും കേരളം കണ്ട സമര്‍ത്ഥനായ. സംഘാടകനും ധീരവിപ്ലവകാരിയുമായ സി എച്ച് കണാരന്റെ പ്രവര്‍ത്തന ശൈലി ഇക്കാര്യത്തില്‍ മാതൃകയാണെന്നുംഅദ്ദേഹം പറഞ്ഞു.

പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിക്ക് സമീപം പുതിയബൈപ്പാസ് റോഡരികില്‍ വാങ്ങിച്ച 18 സെന്റ് സ്ഥലത്താണ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്. ഓഫീസിനു പുറമെവിശാലമായ ഓഡിറ്റോറിയം, ഡിജിറ്റല്‍ റഫറന്‍സ് ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.

കേരളത്തിന്റെ സര്‍വാദരണീയനായ ജനനേതാവ് കോടിയേരിബാലകൃഷ്ണ
ന്റെ നാമധേയത്തില്‍ ഉയരുന്ന മന്ദിരം രാഷട്രീയ ഭേദമന്യേ മുഴുവന്‍ ജനവിഭാഗങ്ങളുടേയും ആശ്രയ കേന്ദ്രമായിരിക്കും.

സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ ബാലന്‍, എസ്.കെ സജീഷ്, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കെ.കുഞ്ഞിരാമന്‍, എന്‍.കെ രാധ, എം.കെ നളിനി എന്നിവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് സ്വാഗതവും, ഏരിയാകമ്മിറ്റി അംഗം ടി.കെ ലോഹിതാക്ഷന്‍ നന്ദിയും പറഞ്ഞു.

summary: inaugurated the work on building for CPIM perambra area committee office named Kodiyeri memorial hall