അഴിയൂർ സ്കൂളിന് മുമ്പിലേക്ക് മാറ്റിസ്ഥാപിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു


അഴിയൂർ: നവീകരിച്ച എക്സൈസ് ചെക്ക്പോസ്റ്റ് ഉദ്ഘാടനം ചെയ്തു. അഴിയൂർ സ്കൂളിന് മുന്നിലേക്കാണ് പുതിയ എക്സൈസ് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിച്ചത്. അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.എസ്.സുരേഷ് അധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് എക്സൈസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.വി.സന്ദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉത്തര മേഖല ജോയിൻ്റ് എക്സൈസ് കമ്മീഷണർ കെ.പ്രദീപ്കുമാർ മുഖ്യാതിഥിയായി. ചെക്ക് പോസ്റ്റ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഉരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എക്സൈസ് വകുപ്പിന്റെ സ്നേഹോപഹാരം ജോയിൻ്റ് എക്സൈസ് കമ്മീഷണർ കെ.പ്രദീപ്കുമാർ കൈമാറി.

എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ബൈജു, കെ.കെ.പ്രദീപ്കുമാർ, ബിന്ദുജ ജയ്സൺ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡണ്ട് കെപി.റഷീദ് എന്നിവർ സംസാരിച്ചു. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബു സ്വാഗതവും എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.