വടകര കെടി ബസാറില്‍ ക്രെയിനിന്റെ വടം പൊട്ടി കൂറ്റൻ ഗർഡർ താഴേക്ക് വീണു


വടകര: കെടി ബസാറില്‍ ദേശീയപാതയുടെ പ്രവൃത്തിക്കിടെ പാലത്തില്‍ സ്ഥാപിക്കാന്‍ കൊണ്ടുപോവുകയായിരുന്ന ഗര്‍ഡര്‍ ക്രെയിനിന്റെ വടം പൊട്ടി താഴേക്ക് വീണു. കഴിഞ്ഞ ദിവസമാണ് സംഭവം. സ്ഥലത്ത് വാര്‍പ്പ് നടത്തിയ ഗര്‍ഡറുകള്‍ കൈനാട്ടി ഭാഗത്തേക്ക് കൊണ്ടുപോകാന്‍ ക്രെയിനിന്റെ സഹായത്തോടെ ട്രെയിലറില്‍ എടുത്ത് വയ്ക്കുമ്പോഴായിരുന്നു അപകടം.

വാഹനം കടന്നു പോകുന്ന ഭാഗത്ത് അല്ലാത്തതിനാലാണ് വന്‍ അപകടം ഒഴിവായത്. മാത്രമല്ല റോഡ് പണിക്കാരും ഈ സമയം സമീപത്തുണ്ടായിരുന്നില്ല. പൊട്ടിവീണ അമ്പത് മീറ്ററോളം നീളമുള്ള ഗര്‍ഡറിന് വീഴ്ചയില്‍ ക്ഷതം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.

വിവരം ദേശീയ പാത അതോറിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പരിശോധന നടത്തിയ ശേഷമേ ഗര്‍ഡര്‍ സ്ഥലത്ത് നിന്നും കൊണ്ടു പോകാന്‍ പാടുള്ളുവെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Description: In Vadakara KT Bazar, the rope of the crane broke and the huge girder fell down