സൂക്ഷിക്കുക, നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്‌! വടകര നഗരത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് മാലിന്യം തള്ളി മുങ്ങുന്നവര്‍ക്ക് പിടിവീഴും


വടകര: അടിമുടി മാറ്റത്തിന്റെ പാതയില്‍ വടകര നഗരം. ഇനി മുതല്‍ ക്യാമറയുടെ സംരക്ഷണവും നഗരത്തിനുണ്ടാവും. പഴയ ബസ് സ്റ്റാന്റ്‌, പുതിയ ബസ് സ്റ്റാന്റ് പരിസരം, ലിങ്ക് റോഡ്, കുഞ്ഞിരാമന്‍ വക്കീല്‍ പാലം തുടങ്ങി നഗരത്തിലെയും ഉള്‍പ്രദേശങ്ങളിലെയും ഉള്‍പ്പെടെ 21 സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭ ഫണ്ടില്‍ നിന്നും 38 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്‌. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം പദ്ധതി ഉടന്‍ തുടങ്ങും. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്ത്യ ലിമിറ്റഡിനാണ് നിര്‍വ്വഹണ ചുമതല. നിര്‍വ്വഹണ കമ്പനിക്ക് ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.

കഴിഞ്ഞ കുറേ മാസങ്ങളായി നഗരത്തിലും ഉള്‍പ്രദേശങ്ങളിലും ആളുകള്‍ മാലിന്യം വലിച്ചെറിയുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സാധിക്കും. മാത്രമല്ല നഗരത്തില്‍ നടക്കുന്ന മറ്റ് നിയമ ലംഘന പ്രവര്‍ത്തനങ്ങളും കണ്ടെത്താന്‍ സാധിക്കും. വടകര നഗരസഭ സമ്പൂര്‍ണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചിട്ടും ചിലയാളുകള്‍ മാലിന്യം പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും, അത്തരത്തിലുള്ളവരെ കണ്ടെത്താന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു കെ.പി വടകര ഡോട് ന്യൂസിനോട്‌ പറഞ്ഞു.

Description: In Vadakara city, those who throw garbage in a deserted place will be caught