വെറും കപ്പയല്ല ഭീമന്‍ കപ്പ! ചെറുവണ്ണൂരിലെ ഈ കര്‍ഷകന്റെ തോട്ടത്തില്‍ ഒറ്റ തടത്തില്‍ വിളഞ്ഞത് 45 കിലോഗ്രാം കപ്പ


പേരാമ്പ്ര: അധ്വാനിക്കാന്‍ മനസുണ്ടെങ്കില്‍ ഏത് പ്രദേശത്തെയും നൂറുമേനി വിളവുവരുന്ന കൃഷിയിടമാക്കാമെന്ന് കാണിച്ചുതന്നിരിക്കുകയാണ് ചെറുവണ്ണൂരിലെ നെല്ലിയോട്‌പൊയില്‍ ഫൈസല്‍. ഫൈസലിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പയാണ് ഇപ്പോള്‍ ചെറുവണ്ണൂരുകാരുടെ സംസാരവിഷയം.

ഒറ്റ തടത്തില്‍ വിളഞ്ഞ കപ്പയുടെ ആകെ തൂക്കം 45 കിലോഗ്രാമാണ്. അതിലെ ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോഗ്രാമുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്നാണ് ഫൈസല്‍ പറയുന്നത്.

കൃഷിയിലും കാലിവളര്‍ത്തലുമാണ് ഫൈസലിന് താല്‍പര്യം. കപ്പയ്ക്ക് പുറമേ വാഴ, ചേന, കൂര്‍ക്കല്‍, ചേമ്പ് എന്നിവയുടെ കൃഷിയും ഉണ്ട്. കാര്‍ഷിക നഴ്‌സറിയും ഫൈസല്‍ ഒരുക്കിയിട്ടുണ്ട്. കുള്ളന്‍ തെങ്ങില്‍ തൈ, വിവിധയിനം പ്ലാവ്, മാവ് തൈകളെല്ലാം നഴ്‌സറിയില്‍ ലഭ്യമാണ്. 4000 കോഴികളുള്ള ബ്രോയ്‌ലര്‍ കോഴി ഫാം, നൂറോളം മുട്ട കോഴികള്‍, പശു എന്നിവയും ഉണ്ട്.

കപ്പ ഉള്‍പ്പെടെ കൃഷിക്കെല്ലാം ഫാമില്‍ വളര്‍ത്തുന്ന കോഴികളുടെ വളം മാത്രമാണ് ഉപയോഗിക്കുന്നത്. ഡ്രിപ് ഇറിഗേഷന്‍ സംവിധാനം വഴി തുള്ളി നന കൊടുത്താണ് തോട്ടം പരിപാലിക്കുന്നത്. നിരപ്പം സ്റ്റേഡിയത്തോട് ചേര്‍ന്നാണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്.