തിക്കോടിയിൽ ആറ് ചാക്ക് മാലിന്യങ്ങള്‍ വയലില്‍ തള്ളി മടങ്ങി; മാലിന്യക്കെട്ടില്‍ നിന്നുതന്നെ ആളെ തിരിച്ചറിഞ്ഞ് പഞ്ചായത്ത് അധികൃതര്‍, അമ്പതിനായിരം രൂപ പിഴയീടാക്കി
തിക്കോടി: ആളൊഴിഞ്ഞ പ്രദേശത്ത് മാലിന്യങ്ങള്‍ തള്ളി കടന്നുകളഞ്ഞ ഗൃഹനാഥയില്‍ നിന്നും അമ്പതിനായിരം രൂപ പിഴ ഈടാക്കി തിക്കോടി പഞ്ചായത്ത്. പള്ളിക്കരയിലെ പ്രാര്‍ത്ഥനയില്‍ താമസിക്കും പിലാച്ചേരി രേണുകയില്‍ നിന്നാണ് പിഴ ഈടാക്കിയത്.പുറക്കാട് പറോളി നട വയലിനു സമീപം ഇന്ന് രാവിലെയാണ് രാസവസ്തുക്കളും ഡയപ്പറുകളുമടക്കം ആറ് ചാക്ക് മാലിന്യങ്ങള്‍ കൊണ്ടുതളളിയത് ശ്രദ്ധയില്‍പ്പെട്ടത്.
നാട്ടുകാര്‍ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. അധികൃതരെത്തി മാലിന്യച്ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ മരുന്നുവാങ്ങിയ കുറിപ്പടി ലഭിക്കുകയും ഇതില്‍ വിലാസവും ഫോണ്‍ നമ്പറുമടക്കമുണ്ടായിരുന്നു. ഇവര്‍ തന്നെയാണ് മാലിന്യം തള്ളിയതെന്ന് വ്യക്തമായതോടെ ഇന്ന് മൂന്നുമണിക്ക് മുമ്പാകെ അമ്പതിനായിരം രൂപ പിഴയടക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഉച്ചയോടെ തന്നെ യുവതി പണം അടയ്ക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദും വാര്‍ഡ് മെമ്പര്‍ വിബിത ബൈജുവും സെക്രട്ടറിയുമടങ്ങിയ പഞ്ചായത്ത് അധികൃതര്‍ യുവതിയെക്കൊണ്ടുതന്നെ മാലിന്യങ്ങള്‍ നീക്കം ചെയ്യിക്കുകയും ചെയ്തു. മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇന്‍സിനറേറ്റര്‍ ഓര്‍ഡര്‍ ചെയ്യിച്ച ശേഷമാണ് പഞ്ചായത്ത് പ്രസിഡണ്ടും സംഘവും മടങ്ങിയത്.
നേരത്തെയും ഇവര്‍ മാലിന്യങ്ങള്‍ തെറ്റായി നിര്‍മാര്‍ജനം ചെയ്തതിന്റെ പേരില്‍ പരാതി ലഭിച്ചിരുന്നെന്ന് വാര്‍ഡ് മെമ്പര്‍ വിബിത കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് നാട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു. അന്ന് ഇവരെ താക്കീത് ചെയ്തതാണെന്നും വാര്‍ഡ് മെമ്പര്‍ വ്യക്തമാക്കി.
മാലിന്യങ്ങള്‍ നിക്ഷേപിച്ചത് സമയ ബന്ധിതമായി കണ്ടെത്തി അധികൃതരുടെ ശ്രദ്ധയില്‍കൊണ്ട് വന്ന പറാണ്ടി രമേശന്‍, പികെ സത്യന്‍, പൂഴിപ്പുറത്ത് ഗണേശന്‍, മാധവഞ്ചേരി ഫൈസല്‍, പറാണ്ടിതാഴെ വിനോദന്‍ എന്നിവരെ പഞ്ചായത്ത് അധികൃതരും നാട്ടുകാരും അഭിനന്ദനമറിയിച്ചു.
[mid5]