ടൂറിസം രംഗത്ത് കുതിച്ചു ചാട്ടത്തിനൊരുങ്ങി കുറ്റ്യാടി; കുറ്റ്യാടി പൈതൃകപാത ടൂറിസം പദ്ധതിക്ക് രണ്ടുകോടി രൂപ അനുവദിച്ചു


കുറ്റ്യാടി: കുറ്റ്യാടി പൈതൃക പാത ടൂറിസം പദ്ധതിക്ക് 2 കോടിരൂപ വകയിരുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിൻ മേലുള്ള പൊതു ചർച്ചയിൽ കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് ധനമന്ത്രി അറിയിച്ചത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2 കോടി രൂപ അനുവദിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കുറ്റ്യാടി. പഴശ്ശി രാജാവ് കോട്ടക്ക് കുറ്റി അടിച്ചതുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നത് എന്ന ഐതീഹ്യമുണ്ട്. കൂടാതെ പഴശ്ശി രാജാവിന്റെ നീരാട്ട് കടവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രപ്രാധാന്യമുള്ള കുറ്റ്യാടി ടൌണ്‍ ഉള്‍പ്പെടുന്ന കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്ത് കൂടി ഒഴുകുന്ന മനോഹരമായ കുറ്റ്യാടി ചെറുപുഴയും, വലിയ പുഴയും സംഗമിക്കുന്ന സ്ഥലത്താണ് കുറ്റ്യാടി ടൌണ്‍. കുറ്റ്യാടി ടൌണില്‍ നിന്നും പുഴയോരത്തേക്ക് പോകുന്ന റിവര്‍ റോഡും ഏറെ ടൂറിസം സാധ്യതയുള്ളതാണ്. ഇത് പഴശ്ശി രാജാവിന്റെ നീരാട്ട് കടവിലേക്കുള്ള വഴിയാണ്. പഴശ്ശിരാജാവ് നിര്‍മ്മിക്കാനാരംഭിച്ച കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കുറ്റ്യാടിയിലുണ്ട്.

ബ്രിട്ടീഷ്‌ ഭരണകാലത്ത് പണിത, പഴയ റജിസ്ട്രാഫീസ് പഴശ്ശി കോട്ടക്കുള്ളില്‍ പഴശ്ശി സ്മാരക മ്യൂസിയമായി പുരാവസ്തു വകുപ്പ് പൈത്രിക കെട്ടിടമായി നിലനിര്‍ത്തിയിട്ടുണ്ട്. പഴശ്ശി രാജാവ് യുദ്ധകാലത്ത് വയനാട്ടിലേക്ക് കുറ്റ്യാടി വഴി യാത്ര ചെയ്തിരുന്നു എന്നത് ചരിത്ര രേഖകളില്‍ ഉണ്ട്. കൂടാതെ പഴശ്ശിരാജാവിന്റെ സ്വര്‍ണ്ണ വാളുകളുടെ ഭാഗങ്ങള്‍ കുറ്റ്യാടി മലയോരത്തിൽ നിന്നും കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്.

ലോക പ്രശസ്തമായ കുറ്റ്യാടി തേങ്ങയ്ക്ക് പ്രസിദ്ധമായ ഈ സ്ഥലത്ത്, മലയോരമേഖലയില്‍ നിന്നുള്‍പ്പെടെയുള്ള നിരവധി തനത് കാര്‍ഷിക ഉല്‍പ്പനങ്ങളുടെയും, മരങ്ങളുടെയും വിലപ്പനയും വര്‍ഷങ്ങള്‍ക്കു മുന്‍പേ കുറ്റ്യാടി കടവ് വഴിയാണ് നടന്നിരുന്നത്. കുറ്റ്യാടി ടൗണിൽ നിന്നും പുഴയോരത്തുള്ള പാർക്കുമായി ബന്ധിപ്പിക്കുന്ന കുറ്റ്യാടി റിവര്‍ റോഡ്‌, പൈതൃക റോഡാക്കി മാറ്റി വിനോദ സഞ്ചാര മേഖലയില്‍ അതുല്യ സ്ഥാനത്ത് അടയാളപ്പെടുത്താന്‍ സാധിക്കും.

വയനാട്ടിലേക്കുള്ള പ്രകൃതി സുന്ദരമായ പ്രവേശന മാര്‍ഗ്ഗമായ , കുറ്റ്യാടി ചുരത്തിലേക്ക് കടന്നു പോകുന്നതും കുറ്റ്യാടി ടൌണിലൂടെയാണ്. കൂടാതെ വടകര സാൻഡ്ബാങ്ക്സ്, പയംകുറ്റി മല, ലോകനാര്‍ക്കാവ്, പെരുവണ്ണാമുഴി, ജാനകിക്കാട് എക്കോ ടൂറിസം സ്പോര്‍ട്ട്, എന്നിവയുമായി കുറ്റ്യാടി പൈത്രിക തെരുവ് ബന്ധിപ്പിക്കുന്നതിലൂടെ വലിയ ഒരു കുതിച്ച് ചാട്ടം ടൂറിസം മേഖലയില്‍ സാധ്യമാണ്. ടൂറിസം മേഖലയിലെ ഉന്നമനം ലക്ഷ്യമാക്കികൊണ്ട്, പുഴയോരവും, സഞ്ചാര പാതയും, വിശ്രമ കേന്ദ്രവും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിനു വേണ്ടിയുള്ള പദ്ധതി തയ്യാറാക്കി ടൂറിസം വകുപ്പിന് സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്കാണ് ധനകാര്യ വകുപ്പ് മന്ത്രി 2 കോടി രൂപ അനുവദിച്ചിട്ടുള്ളതെന്ന്കെപി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ പറഞ്ഞു.

Summary: In the field of tourism, Kuttyadi is ready to jump; 2 crore sanctioned for the Kuttyadi Heritage Trail Tourism Project