കെ.സുധാകരൻ്റെ വീടിൻ്റെ കന്നിമൂലയിൽ തകിടും കൂട്രോത്ര വസ്തുക്കളും കുഴിച്ചിട്ട നിലയിൽ; ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ.പി.സി.സി അധ്യക്ഷൻ
കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരനെ അപായപ്പെടുത്താൻ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരൻ്റെ കണ്ണൂർ നടാലിലെ വീട്ടില്‍നിന്ന് കൂടോത്രത്തിൻറേതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഒന്നര വർഷം മുമ്പ് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റേയും സുധാകരന്റേയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദി തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഴിച്ചിട്ട നിലയിലുള്ള ചില വസ്തുക്കള്‍ പുറത്തെടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു കിഴിയില്‍ തെയ്യത്തിന്റെ രൂപവും തകിടുകളില്‍ കാലിന്റേയും ഉടലിന്റേയും തലയുടേയും രൂപങ്ങളുമാണ് കണ്ടെത്തിയത്.
കാലിന് പ്രശ്നങ്ങളുണ്ടോയെന്ന് മന്ത്രവാദി ചോദിക്കുമ്ബോള്‍ ബലക്ഷയമുണ്ടായിരുന്നെന്ന് സുധാകരൻ മറുപടി നല്‍കുന്നതും വീഡിയോയിലുണ്ട്. വീടിന്റെ രൂപങ്ങളും തകിടില്‍ ഉണ്ടെന്ന് മന്ത്രവാദി പറയുന്നുണ്ട്. തന്റെ ജീവന് ഒന്നും സംഭവിക്കാതിരുന്നത് ഭാഗ്യമെന്ന് കെ. സുധാകരൻ പറയുന്നത് വീഡിയോയില്‍ കാണാം.
ചില തിരിച്ചടികള്‍ ഉണ്ടായ സമയത്ത് ഒരു മന്ത്രവാദിയെ സുധാകരൻ സമീപിക്കുകയും തുടർന്ന് മന്ത്രവാദിയുടെ നിർദേശത്തെ തുടർന്ന് പരിശോധന നടത്തുകയുമായിരുന്നെന്നാണ് സൂചന. തുടർന്ന് പരിഹാരക്രിയകളും നടത്തിയെന്നാണ് വിവരം.
വസ്തുക്കള്‍ കണ്ടെടുത്ത കാര്യം സുധാകരൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്നത് പഴയ വീഡിയോയാണെന്നാണ് അദ്ദേഹം പറയുന്നത്. ഉണ്ണിത്താനോട് ചോദിച്ചാല്‍ കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഇതുകൊണ്ടൊന്നും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.