അക്രമണം പകല്‍ സമയത്ത്; പെരുവണ്ണാമൂഴിയില്‍ ജനവാസമേഖലയിറങ്ങുന്ന കുറുക്കന്‍ നാട്ടുകാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നു


 

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിലും പരിസര പ്രദേശങ്ങളിലും ജനവാസമേഖലയിറങ്ങുന്ന കുറുക്കന്റെ അക്രമണം നാട്ടുകാര്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നു. പിള്ളപ്പെരുവണ്ണ മുട്ടത്തുകുന്നേല്‍ ടോമി (62) എന്ന കര്‍ഷകനെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കൃഷിയിടത്തില്‍ വെച്ച് കുറുക്കന്‍ കാലില്‍ കടിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ ടോമി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

പിള്ളപ്പെരുവണ്ണ അമ്പലമുക്കില്‍ മന്ദപ്പിലായില്‍ പോക്കര്‍ എന്ന ആളെയും കുറക്കന്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇയാള്‍ തല്‍ക്ഷണം തന്നെ ഓടി മാറിയതിനാലാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

രണ്ട് മാസം മുമ്പ് കുറുക്കന്റെ ആക്രമണത്തില്‍ പ്രദേശത്തെ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. പകല്‍ സമയത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്. അക്രമകാരിയായ കുറുക്കന് പേബാധിച്ചിട്ടുണ്ടോ എന്ന സംശയവുമുണ്ട്. ഇത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. പേരാമ്പ്ര മേഖലയിലെ കല്‍പത്തൂര്‍, നൊച്ചാട്, കല്ലൂര്‍ എന്നിവിടങ്ങളിലും അടുത്തകാലത്തായി പകല്‍ സമയത്ത് കുറുക്കന്റെ അക്രമമുണ്ടായിരുന്നു.