പേരാവൂരില്‍ അമ്മയുടെ കയ്യില്‍ നിന്നും തെന്നി കുഞ്ഞ് മലവെള്ളപ്പാച്ചിലില്‍ വീണു; ഒലിച്ചുപോയ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: പേരാവൂരില്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്.
അമ്മയുടെ കയ്യില്‍ നിന്ന് തെന്നി വീണ് വെള്ളത്തില്‍ ഒഴുകിപോവുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് മലവെള്ളപ്പാച്ചില്‍പ്പെട്ട് കുട്ടിയെ കാണാതായത്.
കണ്ണൂര്‍ ജില്ലയുടെ മലയോരമേഖലയില്‍ പേമാരിയും ഉരുള്‍പൊട്ടലും കനത്തനാശം വിതച്ചിരിക്കുകയാണ്. നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. നെടുംപൊയില്‍, തുണ്ടിയില്‍ ടൗണില്‍ വെള്ളം കയറി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. കണ്ണൂരില്‍ ഇന്നലെ നാലിടത്ത് ഉരുള്‍പൊട്ടിയിരുന്നു.
ഇവിടെ കാണാതായ രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്. വെള്ളറയിലെ മണാലി ചന്ദ്രന്‍ (55), താഴെ വെള്ളറയിലെ രാജേഷ് എന്നിവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനുള്‍പ്പെടെ സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്.
പേരാവൂരിലെ മേലെ വെള്ളറ എസ് ടി കോളനിയില്‍ വീട് തകര്‍ന്ന് ഒരാളെ കാണാതായി. നെടുമ്പ്രച്ചാലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് സ്ത്രീകളെ ഫയര്‍ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ണൂര്‍ നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകി. ഇതേ തുടര്‍ന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. കണിച്ചാര്‍ പഞ്ചായത്താല്‍ ഏലപ്പീടികയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു.
കേളകം പഞ്ചായത്തിലെ കണ്ടന്തോട് മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നെടുംപൊയില്‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലായി ഇവരെ പിന്നീട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. മലയോരത്ത് രാത്രി വൈകിയും അതിശക്തമായി മഴ തുടരുകയാണ്. മലവെള്ളപ്പാച്ചില്‍ ഉണ്ടാവുന്നതിനാല്‍ ആരും പുഴയില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കൂത്തുപറമ്പ് – മാനന്തവാടി പാതയിലെ നെടുമ്പൊയില്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ച നിലയിലാണ്.