നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാതെ അടച്ചുപൂട്ടിയ പേരാമ്പ്രിലെ ധനകാര്യ സ്ഥാപനത്തില്‍ പോലീസ് പരിശോധന; രേഖകള്‍ കസ്റ്റഡിയിലെടുത്തു


പേരാമ്പ്ര: പേരാമ്പ്രയില്‍ പൂട്ടിക്കിടക്കുന്ന ധനകാര്യസ്ഥാപനമായ ധനകോടി ചിറ്റ്‌സില്‍ പോലീസ് പരിശോധന നടത്തി. സ്ഥാപനത്തിലെ ഓഫീസില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കസ്റ്റഡിയിലെടുത്തു.

ചിട്ടിയില്‍ച്ചേര്‍ന്ന് പണം ലഭിക്കാതെ പ്രയാസത്തിലായ നിക്ഷേപകര്‍ കഴിഞ്ഞ ദിവസം യോഗം ചേരുകയും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി സംഭവം അന്വേഷണത്തിനായി വടകര അഡീഷണല്‍ എസ്.പി പി.എം. പ്രദീപിന് കൈമാറിയിട്ടുണ്ട്.

പേരാമ്പ്രയില്‍ ഒരുമാസമായി സ്ഥാപനം പൂട്ടിക്കിടക്കുകയാണെന്ന് ചിട്ടിയില്‍ ചേര്‍ന്നവര്‍ പറയുന്നു. ചിട്ടിവിളിച്ചവര്‍ക്ക് പണം കിട്ടാനുള്ളതായും പറഞ്ഞു. സ്ഥാപനം പൂട്ടിയതോടെ ചിട്ടിയില്‍ ചേര്‍ന്ന ഒട്ടേറെപ്പേര്‍ ആശങ്കയിലാണ്.

ഇരുനൂറോളം പേര്‍ക്കായി രണ്ടുകോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ശേഖരിച്ച പ്രാഥമിക കണക്ക്.