ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തി കോഴിക്കോടേക്ക് പോയി; കാറുടമയ്‌ക്കെതിരെ കേസ്, സംഭവം നീലേശ്വരത്ത്
കാസര്‍കോഡ്: ട്രെയിനിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തിയിട്ട ആള്‍ക്കെതിരെ കേസെടുത്തു. നീലേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കാഞ്ഞങ്ങാട് ഐങ്ങോത്ത് ഇ.ത്രിഭുവന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
നീലേശ്വരം റെയില്‍വേ സ്‌റ്റേഷന്റെ കിഴക്ക് ഭാഗത്ത് റെയില്‍പാളത്തോട് ചേര്‍ന്നാണ് ഇയാള്‍ കാര്‍ നിര്‍ത്തിയിട്ടത്. ഈ സമയത്താണ് റെയില്‍വേയുടെ ഇലക്ട്രിക്കല്‍ അറ്റകുറ്റപ്പണിയ്ക്കായി ഉപയോഗിക്കുന്ന ടവര്‍ കാര്‍ എഞ്ചിന്‍ ഇവിടെയെത്തിയത്. ലോക്കോ പൈലറ്റിന്റെ മനസാന്നിധ്യം കാരണമാണ് എഞ്ചിന്‍ കാറില്‍ ഇടിക്കാതിരുന്നത്.
വഴിമുടക്കിയായി കാര്‍ കിടന്നതോടെ റെയില്‍വേയുടെ അറ്റകുറ്റപ്പണികള്‍ മുടങ്ങി. തുടര്‍ന്ന് നീലേശ്വരം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരായ മഹേന്ദ്രന്‍ എം, അജയകുമാര്‍ എ, സുമേഷ് കുമാര്‍ എം.എ എന്നിവര്‍ സ്ഥലത്തെത്തി. കാര്‍ ഉടമയെ ബന്ധപ്പെട്ടപ്പോള്‍ കോഴിക്കോട് പോയതാണ് എന്ന മറുപടിയാണ് ലഭിച്ചത്.
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിനും റെയില്‍ ഗതാഗതം തടസപ്പെട്ടതിനുമാണ് ത്രിഭുവനെതിരെ കാസര്‍കോഡ് റെയില്‍വേ പൊലീസ് കേസെടുത്ത് പിഴ ഈടാക്കിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.