നടുവണ്ണൂര്‍ അങ്ങാടിയില്‍ റോഡരികില്‍ വെള്ളക്കെട്ട്; ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും



നടുവണ്ണൂര്‍: നടുവണ്ണൂര്‍ അങ്ങാടിയിലെ വെള്ളക്കെട്ട്, ദുരിതത്തിലായി നാട്ടുകാരും സമീപത്തെ വ്യാപാരികളും. നരസിംഹ ക്ഷേത്രപരിസരം മുതല്‍ ന്യൂജനതാ ഹോട്ടല്‍വരെ റോഡിന് പടിഞ്ഞാറുഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ചെറിയ മഴയത്തും റോഡിന്റെ ഓരത്ത് ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇത് അങ്ങാടിയിലെത്തുന്നവര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു.

ക്ലിനിക്കിലേക്കെത്തുന്ന രോഗികളും പൊതുവിതരണകേന്ദ്രത്തിലേക്കെത്തുന്ന ആളുകളും വെള്ളക്കെട്ടുകാരണം പ്രയാസമനുഭവിക്കുകയാണ്. സംസ്ഥാനപാതയില്‍ വാഹനത്തിരക്ക് വര്‍ധിച്ചതിനാല്‍ മിക്കസമയവും ഗതാഗതക്കുരുക്കുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാല്‍നട യാത്രക്കാര്‍ പോകുന്ന ഭാഗത്താണ് വെള്ളം കെട്ടിനില്‍ക്കുന്നത്.

വെള്ളക്കെട്ടുള്ളതുകൊണ്ട് വ്യാപാരസ്ഥാപനങ്ങളിലേക്ക് ആളുകള്‍ വരാന്‍ മടിക്കുന്നതായി കച്ചവടം നടത്തുന്നവര്‍ പരാതിപ്പെടുന്നു.

വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും നടുവണ്ണൂര്‍ ഗ്രാമപ്പഞ്ചായത്തിനോടും വ്യാപാരികള്‍ ആവശ്യപ്പെട്ടു.

summary: in naduvannur town, locals and traders were suffering due to water logging