നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവം; നടപടിയെടുത്ത് നാദാപുരം പൊലീസ്, ഒരു കാര്‍ കസ്റ്റഡിയില്‍


വടകര: നാദാപുരത്ത് ഫാന്‍സി കളര്‍ പുക പടര്‍ത്തി മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തില്‍ റോഡില്‍ ‘ആഘോഷയാത്ര’ നടത്തിയ സംഭവത്തില്‍ നടപടിയെടുത്ത് പൊലീസ്. കാറിന്റെ ഡ്രൈവര്‍ക്കെതിരെ നാദാപുരം പൊലീസ് കേസെടുത്തിരിക്കുകയാണ്.

വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വര്‍ണ പുക പടര്‍ത്തി അപകട യാത്ര നടത്തിയത്. ഒരു കാര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. റോഡില്‍ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവര്‍ പുക പടര്‍ത്തിയത്. ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരുമാണ് ഇവരുടെ ‘ആഘോഷയാത്ര’ കാരണം ഏറെ ബുദ്ധിമുട്ടിയത്. പിന്നിലെ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെയായിരുന്നു ഇവരുടെ പോക്ക്.

ഈ അഭ്യാസ പ്രകടനം പിന്നിലെ വാഹനങ്ങളില്‍ സഞ്ചരിച്ചവര്‍ മൊബൈലില്‍ പകര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെയാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

Description: In Nadapuram, the incident of driving a car with colored smoke; A car in custody