പണിതീര്‍ന്ന അടിപ്പാതകളിലെല്ലാം വെള്ളക്കെട്ട്, സര്‍വ്വീസ് റോഡിലെ സ്ലാബുകള്‍ വണ്ടികയറിയാല്‍ പൊട്ടിവീഴുന്നു, അഴിയൂര്‍-വെങ്ങളം റീച്ചില്‍ മിക്കയിടത്തും നാട്ടുകാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും തീരാതലവേദനയായി ദേശീയപാത പ്രവൃത്തി


വടകര: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്ന അഴിയൂര്‍-വെങ്ങളം റീച്ചില്‍ കരാര്‍ കമ്പനിയായ വാഗാഡിന്റെ പ്രവൃത്തികള്‍ക്കെതിരെ വ്യാപക പരാതി. പണിപൂര്‍ത്തിയായ അടിപ്പാതകളിലെല്ലാം തന്നെ വള്ളക്കെട്ടും കുഴികളും കാരണം ഗതാഗത പ്രശ്‌നങ്ങളും അപകടങ്ങളും പതിവാണ്. കരാര്‍ കമ്പനിയും പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കേണ്ട ദേശീയപാത നിര്‍മ്മാണ അതോറിറ്റിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇത്രയേറെ പരാതികള്‍ ഉയരാന്‍ കാരണമായത്.

മൂരാട്, പയ്യോളി, തിക്കോടി, പൂക്കാട്, തിരുവങ്ങൂര്‍ ഭാഗങ്ങളില്‍ റോഡ് നിര്‍മ്മാണത്തിലെ അപാകത കാരണം ഗതാഗതപ്രശ്‌നങ്ങള്‍ രൂക്ഷമാണ്. ഇരിങ്ങല്‍ ഓയില്‍മില്‍, കൊല്ലം-നെല്ല്യാടി, മുത്താമ്പി, ആനക്കുളം മുചുകുന്ന് അടിപ്പാതകളാണ് ഇപ്പോള്‍ പണി പൂര്‍ത്തിയായി വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത്. ഇരിങ്ങല്‍ ഓയില്‍ മില്ലില്‍ അടിപ്പാതയില്‍ വെള്ളക്കെട്ടും ചെളിയും കാരണം മഴ പെയ്താല്‍ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസമാണ്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷാ പോലുള്ള വാഹനങ്ങളും കാല്‍നട യാത്രക്കാരുമാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. ആനക്കുളം അടിപ്പാതയുടെയുടെ ഭാഗത്തും വെള്ളക്കെട്ടാണ്. ഡ്രെയ്‌നേജ് സംവിധാന ഇല്ലാത്തതും പ്രവൃത്തിയുടെ ഭാഗമായി നിലവിലെ ഡ്രെയ്‌നേജ് സംവിധാനം തകര്‍ന്നതുമാണ് അടിപ്പാതകളില്‍ വെള്ളക്കെട്ടിന് ഇടയാക്കുന്നത്.

കൊല്ലം-നെല്ല്യാടി റോഡിലെ അടിപ്പാത നിര്‍മ്മിച്ചതുതന്നെ ആര്‍ക്കോവേണ്ടിയെന്നപോലെയാണ്. കൊല്ലം നെല്ല്യാടി റോഡില്‍ നിന്നും അകലെമാറിയാണ് അടിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. നെല്ല്യാടി റോഡില്‍ നിന്നും യുടേണ്‍ എടുത്തുവേണം വാഹനങ്ങള്‍ക്ക് അടിപ്പാതയിലൂടെ കടന്നുപോകാന്‍. ഇവിടെ സര്‍വ്വീസ് റോഡിന് വീതി കുറവായതുകാരണം വലിയവാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്.

 

അടിപ്പാത നിര്‍മ്മാണത്തിലെ പിഴവുകള്‍ കാരണം ഇവിടെ അപകടങ്ങള്‍ പതിവാണ്. അടിപ്പാതയില്‍ വാഹനങ്ങള്‍ കയറിയാല്‍ പുറത്തുകടക്കുമ്പോള്‍ റോഡിലെ കാഴ്ച കാണാന്‍ കഴിയില്ല. ഇവിടെ കൂടുതല്‍ സ്ഥലമേറ്റെടുത്ത് വളവ് നിവര്‍ത്തേണ്ട സാഹചര്യമാണിപ്പോള്‍. ഇക്കഴിഞ്ഞ മഴയില്‍ ഇവിടെ വെള്ളക്കെട്ടും ചെളിയും കാരണം ഇരുചക്രവാഹനങ്ങളും മറ്റും തെന്നിവീഴുന്നത് പതിവായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ക്വാറിമാലിന്യങ്ങള്‍ നിക്ഷേപിച്ച് തല്‍ക്കാലത്തേക്ക് പ്രശ്‌നം പരിഹരിച്ച് തടിയൂരുകയാണ് വാഗാഡ് ചെയ്തത്.

മുത്താമ്പി റോഡിലെ അടിപ്പാതയുടെ കാര്യവും വ്യത്യസ്തമല്ല. മഴ പെയ്താല്‍ നാലുഭാഗത്തുനിന്നും ഇവിടേക്ക് വെള്ളം കുത്തിയൊലിക്കുന്ന സ്ഥിതിയാണ്. ഈ വെള്ളത്തിലൂടെ വാഹനങ്ങള്‍ തുഴഞ്ഞുപോകുകയാണ് നിലവില്‍. വെള്ളത്തിനിടയിലുള്ള കുഴിയിലോ കൊയിലാണ്ടിയില്‍ മിന്നും പോകുന്ന സമയത്ത് അല്പം അരികുചേര്‍ന്ന് എടുത്താലോ കുഴിയിലേക്ക് വീഴുമെന്ന സ്ഥിതിയുമുണ്ട്. പൂര്‍ത്തിയായ അടിപ്പാതകളില്‍ കൊല്ലത്തെ അടിപ്പാതയൊഴികെ മറ്റിടത്തൊന്നും വേണ്ടത്ര ഉയരമില്ല. വലിയ ചരക്കു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്.

കേരളത്തിലെ കാലാവസ്ഥയെ ഒട്ടും പരിഗണിക്കാതെയാണ് വാഗാഡ് ഇതുവരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നത്. ഒട്ടുമിക്കയിടങ്ങളിലും ഡ്രൈനേജ് സംവിധാനം കാര്യക്ഷമമല്ല. റോഡിനേക്കാള്‍ ഉയരത്തിലാണ് പലയിടത്തും ഡ്രൈനേജ് നിര്‍മ്മിച്ചിരിക്കുന്നത്. തിക്കോടി മേഖലയില്‍ ബീച്ച് റോഡ് ഭാഗത്ത് മഴപെയ്താല്‍ വെള്ളം മോട്ടോര്‍വെച്ച് ഒഴുക്കിവിടേണ്ട സ്ഥിതിയാണ്. ഇവിടെ പടിഞ്ഞാറ് ഭാഗത്തേക്ക് റോഡ് ഉയര്‍ന്ന സ്ഥിതിയിലാണ്. നേരത്തെ ഇവിടെ ഒരു ഓവുപാലമുണ്ടായിരുന്നു. ഇതിലൂടെ വെള്ളം റോഡിന് മറുവശത്തേക്ക് പോകുമായിരുന്നു. എന്നാലിപ്പോള്‍ ഓരോ മഴയ്ക്കുശേഷവും മോട്ടോര്‍വെച്ച് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയാണ്. ഇവിടെയുള്ള വില്ലേജ് ഓഫീസ് അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മുട്ടോളംവെള്ളത്തില്‍ നടന്നുപോകേണ്ട അവസ്ഥയാണ്.

ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് തന്നെ പ്രദേശവാസികള്‍ വെള്ളക്കെട്ട് വരാന്‍ സാധ്യതയുണ്ടെന്നും കിഴക്കോട്ടേക്ക് വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം വേണമെന്നും ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇത് പരിഗണിക്കാതെ പ്രവൃത്തി മുന്നോട്ടുകൊണ്ടുപോയത് നാട്ടുകാരെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്.

വെങ്ങളം മുതല്‍ അഴിയൂര്‍ വരെ 40.08 കിലോമീറ്ററാണ് ആകെ ദൂരം. അദാനി എന്റര്‍പ്രൈസ് ലിമിറ്റഡാണ് നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തത്. അവര്‍ വാഗാഡ് കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. 2021 മാര്‍ച്ചിലാണ് അഴിയൂര്‍ വെങ്ങളം റീച്ച് നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത്. രണ്ടരവര്‍ഷംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മൂന്നുവര്‍ഷത്തിനിപ്പുറവും 50% പോലും പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. യാത്രാബുദ്ധിമുട്ടുകളില്ലാതെ എളുപ്പം പണി പൂര്‍ത്തീകരിക്കാവുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് പ്രവൃത്തിപോലും ഇവിടെ പൂര്‍ത്തിയായിട്ടില്ല.

പ്രവൃത്തികളില്‍ പലതും മുറിച്ച് മുറിച്ച് പല കമ്പനികള്‍ക്കായി ഉപകരാര്‍ നല്‍കിയത് പലയിടങ്ങളിലും പ്രവൃത്തിയെ ബാധിച്ചിട്ടുണ്ട്. വടകര മേഖലയിലെ ഓവുചാലുകളുടെ നിര്‍മാണം ഹൈദരാബാദിലെ മറ്റൊരു നിര്‍മ്മാണക്കമ്പനിക്ക് ഉപകരാര്‍ നല്‍കി. എന്നാല്‍ ഇവര്‍ പ്രവൃത്തി പാതിവഴിക്ക് നിര്‍ത്തി മടങ്ങിയോടെ ഓവുചാല്‍ നിര്‍മ്മാണം തടസപ്പെട്ട അവസ്ഥയിലായിരുന്നു. അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ഭാഗത്താണ് പ്രവൃത്തി ഏറ്റവും ഇഴഞ്ഞുനീങ്ങുന്നത്. വടകര ടൗണിലെ ഉയരപ്പാത ശൈശവദശയിലാണ്. റോഡ് നിര്‍മ്മാണ പ്രവൃത്തിക്ക് ദേശീയപാത അതോറിറ്റി കൃത്യമായി മേല്‍നോട്ടം വഹിക്കുന്നില്ല എന്ന ആക്ഷേപവും ശക്തമാണ്.

മൂരാട് മുതല്‍ നന്തി വരെ സര്‍വ്വീസ് റോഡുകള്‍ പൂര്‍ത്തിയായ ഇടങ്ങളില്‍ വലിയ തോതില്‍ അപാകതകളും ഇതിനകം പ്രകടമായിട്ടുണ്ട്. റോഡരികിലെ സ്ലാബുകള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ല. സര്‍വ്വീസ് റോഡുകള്‍ക്ക് വീതികുറവാണെന്ന പ്രശ്‌നം ചൂണ്ടിക്കാട്ടപ്പെട്ടപ്പോള്‍ ഡ്രെയ്‌നേജുകളിലൂടെ സ്ലാബുകളും ഗതാഗതത്തിന് ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വാഹനങ്ങള്‍ കയറുമ്പോള്‍ സ്ലാബുകള്‍ പൊട്ടിയ സംഭവങ്ങളും ഇത്തരത്തില്‍ അപകടങ്ങളുണ്ടായതും ഇതിനകം തന്നെ സംഭവിച്ചതാണ്. ചെറുവാഹനങ്ങള്‍ കയറുമ്പോള്‍ പോലും പൊട്ടുന്ന തരത്തിലാണ് സ്ലാബുകളുള്ളത്. ഇത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം.

കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിക്കാതെ ദേശീയപാതയ്ക്കായി പലഭാഗത്തുനിന്നും വലിയ തോതില്‍ മണ്ണെടുത്തത് നിരവധി വീടുകളെ അപകട ഭീഷണിയിലാകാക്കിയിട്ടുണ്ട്. ദേശീയപാതയ്ക്ക് അരികില്‍ നിന്നും കുത്തനെ മണ്ണെടുത്തത് കൊല്ലം കുന്ന്യോറമല പോലുള്ള ഭാഗങ്ങളില്‍ നിരവധി കുടുംബങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണികാരണം വീടുമാറേണ്ട സ്ഥിതിവന്നു. ഇവിടെ തട്ടുകളായി തിരിച്ച് മണ്ണെടുത്തിരുന്നെങ്കില്‍ മണ്ണിടിച്ചില്‍ തടയാമായിരുന്നു. ഇവിടെയിപ്പോള്‍ മണ്ണിടിച്ചില്‍ തടയാനായി ബലപ്പെടുത്തല്‍ എന്ന പേരില്‍ ഇരുമ്പുകമ്പികള്‍ പതിനൊന്ന് മീറ്റര്‍ ആഴത്തില്‍ കയറ്റി അതിനുള്ളിലേക്ക് കോണ്‍ക്രീറ്റ് ചെയ്തിരുന്നു. സമാനമായ രീതിയില്‍ ബലപ്പെടുത്തല്‍ നടന്ന വടകര കണ്ണൂക്കര ഭാഗത്ത് കഴിഞ്ഞദിവസം മണ്ണിടിച്ചലുണ്ടായത് ഇത് കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കിതരുന്നതാണ്.

ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ഭൂമി നേരത്തെ തന്നെ ഏറ്റെടുക്കേണ്ടിയിരുന്നു. അത് ചെയ്തില്ല. നിലവില്‍ ഭൂമിയേറ്റെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നേരത്തെ നല്‍കിയതുപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകാതെ പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നത്.