‘നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം’; മേപ്പയ്യൂരില്‍ പതിനായിരം പേരെ അണിനിരത്തി നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല


മേപ്പയ്യൂര്‍: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ ചങ്ങല തീര്‍ക്കും.

പഞ്ചായത്തിലെ പതിനായിരം പേരെ അണിനിരത്തി കൂനംവള്ളിക്കാവ് മുതല്‍ കുയിമ്പിലുന്തുവരെയാണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. സംസ്ഥാന സര്‍ക്കാരിന്റെ ‘ലഹരിക്കെതിരെ നവകേരള മുന്നേറ്റം’ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ലഹരിക്കെതിരെയുള്ള മനുഷ്യമഹാ ശൃംഖലയില്‍ ഓരോ കുടുംബങ്ങളും കണ്ണികളാവും. സംഘടനകളും സാമൂഹ്യ കൂട്ടായ്മകളും ചങ്ങലയില്‍ അണിനിരക്കും. ‘നാടിന്റെ ഭാവിക്കായി ലഹരിയെ പടിയിറക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓരോ വാര്‍ഡുകളില്‍ നിന്നുള്ളവര്‍ അവര്‍ക്ക് നിശ്ചയിച്ച സ്ഥലങ്ങളിലും മേപ്പയ്യൂര്‍ ടൗണിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അതത് സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് അണിനിരക്കുക.

നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലഹരിവിരുദ്ധ ചങ്ങല തീര്‍ക്കുക.