മലപ്പുറത്ത് നാല് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സ തേടിയത് 127 കുട്ടികൾ


മലപ്പുറം: കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യവിഷ ബാധയേറ്റ് സ്‌ക്കൂളിലെ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ നാലു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മറ്റ് കുട്ടികള്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നെങ്കിലും ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ല. നിലവില്‍ ആരും ചികിത്സയിലില്ലെന്നും, ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് ഷിഗല്ല രോഗം പടരുക. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്.