ചെറിയകുമ്പളത്ത് ഓവുചാലുകളുടെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത; റോഡില്‍ വെള്ളം കയറി ദുരിതത്തിലായി ജനങ്ങള്‍


കുറ്റ്യാടി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാനപാതയില്‍ ചെറിയകുമ്പളത്ത് ലക്ഷങ്ങള്‍ മുടക്കി ഓവുചാലുകള്‍ നിര്‍മിച്ചിട്ടും റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടുകള്‍ക്ക് കാരണമാവുന്നതെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. പ്രദേശത്ത് തടിമില്ലിന് സമീപം നിര്‍മിച്ച ഓവുകള്‍ എങ്ങോട്ടും തുറക്കുന്നില്ല എന്നതും കൗതുകമാണ്.

സമീപത്ത് പുഴയുണ്ടെങ്കിലും അവിടേക്കെത്താന്‍ സംവിധാനം ഒരുക്കിയിട്ടില്ല. ഏതാണ്ട് 10 മീറ്റര്‍ നീളമുള്ള ഓവില്‍ മഴവെള്ളം ഒഴുകിയിറങ്ങും. അത് നിറഞ്ഞുകവിഞ്ഞ് വെള്ളം റോഡിലേക്ക് തിരിച്ചൊഴുകും. ശക്തമായ മഴയത്ത് റോഡില്‍ നിറയെ വെള്ളം കെട്ടിക്കിടക്കുകയാണ്. എന്നാല്‍, മഴവെള്ളം ഒഴുകിയെത്താത്ത റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ഓവ് പുഴയിലേക്ക് തുറക്കുന്നുമുണ്ട്.

വെളിച്ചെണ്ണ മില്ലിന് സമീപവും ഓവുചാലും ഓവുപാലവും നിര്‍മിച്ചിട്ടുണ്ടെങ്കിലും വെള്ളം ഓവിലേക്ക് ഒഴുകാതെ റോഡില്‍ തളംകെട്ടി നില്‍ക്കുകയാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കാല്‍നടയാത്രക്കാരും ദുരിതത്തിലാണ്.

summary: in kuttyadi people are suffering due to water logging on the road