സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ ശക്തമായ മുന്‍കരുതല്‍; കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ചു
കുറ്റ്യാടി: സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി സന്നദ്ധസേന രൂപവത്കരിച്ചു. പോലീസ്, എക്‌സൈസ്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ. എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം. കുറ്റ്യാടി മേഖലയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്‍പ്പനയും ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ജാഗ്രത സമിതി പ്രവര്‍ത്തനം ശക്തമാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ പറഞ്ഞു. ജാഗ്രതാസമിതി സന്നദ്ധസേന പ്രവര്‍ത്തനങ്ങള്‍ക്ക് കച്ചവടക്കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പൂര്‍ണമായ സഹകരണം ലഭിച്ചു കൊണ്ടിരിക്കുന്നതെന്നതായും അറിയിച്ചു.