തുറയൂരിലും വേളത്തുമെല്ലാം ഇനി ഒ.പി സൗകര്യം വൈകുന്നേരം ആറുമണിവരെ; കോഴിക്കോട്ടെ 80% പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി


പേരാമ്പ്ര: ജില്ലയിലെ 80% പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ജില്ലയിലെ വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളുടേയും ഹെല്‍ത്ത് ആന്റ് വെല്‍നസ് കേന്ദ്രങ്ങളുടേയും ഉദ്ഘാടനം വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ വച്ച് ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എച്ച്.സികളായ ചൂലൂര്‍, കാക്കൂര്‍, കുരുവട്ടൂര്‍, തുറയൂര്‍, വേളം, സി.എച്ച്.സി ഒളവണ്ണ, യു.പി.എച്ച്.സി വെളിയഞ്ചേരിപ്പാടം, ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളായ ചിങ്ങപുരം, കോതോട്, എരവണ്ണൂര്‍, ചീകിലോട്, മരുതാട്, കക്കോടിമുക്ക് എന്നീ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

സാമൂഹ്യ ആരോഗ്യ കേന്ദ്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി പ്രവര്‍ത്തിച്ചു വരുന്ന ഈ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ വൈകുന്നേരം 6 മണി വരെ ഒ.പി. സൗകര്യം ഉണ്ടായിരിക്കും. ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, മെഡിക്കല്‍ ലാബുകള്‍, പകര്‍ച്ച – പകര്‍ച്ചേതര വ്യാധി ക്ലിനിക്കുകള്‍, പ്രീ ചെക് അപ്പ്, രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കുമുള്ള ജനസൗഹൃദ കാത്തിരിപ്പു മുറികള്‍, നിരീക്ഷണ മുറികള്‍, മുലയൂട്ടല്‍ മുറികള്‍, വാക്‌സിനേഷന്‍ മുറികള്‍, വയോജന ഭിന്നശേഷീ സൗഹൃദ ശൗചാലയങ്ങള്‍, റാംപ് തുടങ്ങിയ രോഗീ സൗഹൃദ അടിസ്ഥാന സൗകര്യങ്ങളെല്ലാം തന്നെ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

ജില്ലയില്‍ നിലവില്‍ 64 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണുള്ളത്. ഒന്നാം ഘട്ടത്തില്‍ 13 ഉം രണ്ടാം ഘട്ടത്തില്‍ 31 ഉം മൂന്നാംഘട്ടത്തില്‍ രണ്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയര്‍ത്തി. കാക്കൂര്‍, കുരുവട്ടൂര്‍, തുറയൂര്‍, ചൂലൂര്‍, വേളം,തുടങ്ങിയ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആകുന്നതോടെ ജില്ലയിലെ 80% പി.എച്ച്.സികളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ബാക്കിയുള്ള 13 കേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ജില്ലയില്‍ 10 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിന് അനുമതിയായിട്ടുണ്ട്. ഇതില്‍ ഒളവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലെ 12 നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 10 കേന്ദ്രങ്ങള്‍ നഗര കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. ചെലവൂര്‍ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഉമ്മര്‍ ഫാറൂഖ് സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ നന്ദിയും പറഞ്ഞു. പ്രാദേശിക തല ചടങ്ങുകളില്‍ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.