‘നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കും’; കൂത്താളി കൊരട്ടിവയല്‍ മണ്ണിട്ടുനികത്തി റോഡ് നിര്‍മ്മിക്കുന്നതില്‍ പ്രതിഷേധവുമായി പൗരസമിതി


പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് എട്ടാംവാര്‍ഡ് കൊരട്ടിയില്‍ നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നതില്‍ പ്രതിഷേധം. കൊരട്ടി പൗരസമിതിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്പാട്ടില്‍ -പഷ്ണിപറമ്പില്‍ റോഡിനു സമീപമുള്ള 18 ഏക്കര്‍ വരുന്ന വയലാണ് റോഡിനുവേണ്ടി മണ്ണിട്ടു നികത്തുന്നത്. സെപ്റ്റംബറില്‍ തുടങ്ങിയ മണ്ണിട്ടു നികത്തല്‍ ഇപ്പോഴും തുടരുകയാണ്. മണ്ണിട്ട സ്ഥലത്തിന്റെ ഇരുഭാഗത്തും നെല്‍കൃഷി ചെയ്യുന്നുണ്ട്. സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കുള്ള റോഡിനു വേണ്ടിയാണ് കര്‍ഷകരെ ദ്രോഹിക്കുന്ന വിധത്തില്‍ മണ്ണിട്ടു നികത്തല്‍ നടക്കുന്നതെന്ന് പൗരസമിതി ചൂണ്ടിക്കാട്ടി.

അനധികൃതമായി മണ്ണിട്ട സ്ഥലം ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി മണ്ണിടല്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തുടര്‍നടപടിക്കായി വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. നെല്‍ക്കൃഷി നടക്കുന്ന വയലില്‍ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുന്നവിധത്തില്‍ മണ്ണിടുന്നത് വെള്ളംകെട്ടിനിന്ന് കൃഷി നടത്താനാകാത്ത സാഹചര്യം സൃഷ്ടിക്കുമെന്ന് പൗരസമിതി ഭാരവാഹികള്‍ വാർത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

സ്‌കൂളിന്റെ സ്ഥലത്തുള്ള മണ്ണെടുത്താണ് വയലില്‍ നിക്ഷേപിക്കുന്നത്. പൗരസമിതിയുടെ പരാതിപ്രകാരം വടകര ആര്‍.ഡി.ഒ. അന്വേഷിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഒരുമാസമായിട്ടും തുടര്‍നടപടിയെടുത്തിട്ടില്ലെന്ന് പൗരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.

മണ്ണിട്ടുനികത്തുന്നതില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന് നേതൃത്വം നല്‍കുമെന്ന് പൗരസമിതി പ്രസിഡന്റ് സി.എച്ച്. രാഘവന്‍, കോടേരി കുഞ്ഞനന്തന്‍ നായര്‍, കളരിയുള്ളതില്‍ കുഞ്ഞിക്കണ്ണന്‍, കൂടക്കല്ലില്‍ ഗിരീഷ് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.