സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പാക്കിയില്ല, കാട്ടാന പേടിയില്‍ കൂരാച്ചുണ്ട് മണ്ടോപ്പാറ, ഓട്ടപ്പാലം നിവാസികള്‍; കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി


കൂരാച്ചുണ്ട്: കാട്ടാനശല്യത്തില്‍ വലഞ്ഞ് കൂരാച്ചുണ്ട് വാസികള്‍. ചക്കയുടെ കാലമായതോടെ കാട്ടാനകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റ ഭീതിയിലാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഓട്ടപ്പാലം, മണ്ടോപ്പാറ നിവാസികള്‍.

കാലങ്ങളായി ഈ മേഖലകളില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതി പറയുന്നത്.

കക്കയം വനത്തില്‍ നിന്നും പെരുവണ്ണാമൂഴി ഡാമിന്റെ ഈ മേഖലയിലുള്ള റിസര്‍വോയര്‍ നീന്തി കടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത്. ഈ മേഖലകളില്‍ കാട്ടാനകളുടെ കടന്നുകയറ്റം തടയാന്‍ സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സാധ്യമാകാത്തത് ഏറെ ദുരിതത്തിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങി ഒട്ടപ്പാലത്തെ കര്‍ഷകന്‍ മറ്റത്തില്‍ മാണിയുടെ കൃഷിയിടത്തിലും മണ്ടോപ്പാറയിലെ കര്‍ഷകന്‍ ഒറ്റപ്ലാക്കല്‍ റെജിയുടെ കൃഷിയിടത്തിലും വാഴ, കമുക് എന്നിവ നാശം വരുത്തി.

എല്ലാ വര്‍ഷങ്ങളിലും ഈ സമയത്താണ് ആനകള്‍ ഇറങ്ങുന്നത്. വീടിന് മുറ്റത്തു പോലും ഇവ എത്തുന്നത് ജീവനുപോലും ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ഫെന്‍സിംഗ് സ്ഥാപിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.