കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ ; പുതിയ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽ നിന്ന് പിരിച്ചത് 1.33 കോടി രൂപ


മാഹി: കേരളത്തിൽ 5 വർഷം കൊണ്ട് കേന്ദ്രസർക്കാർ പിരിച്ചത് 1620 കോടി രൂപയുടെ ടോൾ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. പുതിയ തലശ്ശേരി–മാഹി ബൈപാസിലെ കൊളശ്ശേരിയിലെ ടോൾപ്ലാസയിൽ നിന്ന് ജുലൈ അവസാനം വരെ പിരിച്ചത് 1.33 കോടി രൂപ.

5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്: കുമ്പളം ടോൾപ്ലാസ (79.2 കോടി രൂപ), പൊന്നാരിമംഗലം ടോൾപ്ലാസ (88.47 കോടി), കുരീപ്പുഴ ടോൾപ്ലാസ (14.75കോടി ), തിരുവല്ലം ടോൾപ്ലാസ (37.38 കോടി), പന്നിയങ്കര ടോൾപ്ലാസ (316.67 കോടി), പാലിയേക്കര ടോൾപ്ലാസ (689.38 കോടി ), പാമ്പംപള്ളം വാളയാർ ടോൾപ്ലാസ (393.72 കോടി).

2023 – 24ൽ ദേശീയപാത അതോറിറ്റി വിവിധ ടോൾപ്ലാസകളിൽ നിന്നായി രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്. എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്. ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ടോൾപ്ലാസകൾ വച്ച് ജനങ്ങളെ പിഴിയുന്ന കേന്ദ്രനടപടി അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നുണ്ട്.