നീര്‍ത്തടങ്ങള്‍ക്ക് സംരക്ഷണമേകാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍; ‘നീരുറവ്’ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി കീഴരിയൂരില്‍ നീര്‍ത്തട നടത്തം


കീഴരിയൂര്‍: ‘നീരുറവ്’ സമഗ്ര നീര്‍ത്തടാധിഷ്ഠിത പദ്ധതിയുടെ ഭാഗമായി കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ സമഗ്ര നീര്‍ത്തട വികസന പദ്ധതി നടപ്പാക്കുക. നീര്‍ത്തട നടത്തത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മല ടീച്ചര്‍ നിര്‍വഹിച്ചു.

പഞ്ചായത്തിലെ നീര്‍ച്ചാല്‍ ശൃംഖലകള്‍ കണ്ടെത്തി നീര്‍ച്ചാലുകളിലും അവയുടെ വൃഷ്ടി പ്രദേശങ്ങളിലും അനുയോജ്യമായ പരിപാലന പ്രവൃത്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി നിര്‍വ്വഹണം നടത്തുന്നതിന് ലക്ഷ്യം വയ്ക്കുന്ന പദ്ധതിയാണ് നീരുറവ്. നീര്‍ത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീര്‍ച്ചാലുകളുടെയും അവ ഉള്‍പ്പെടുന്ന നീര്‍ത്തടത്തിന്റെയും സമഗ്രവികസനവുമാണ് നീരുറവിലൂടെ ലക്ഷ്യമിടുന്നത്.

വൈസ് പ്രസിഡന്റ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.സി രാജന്‍, അമല്‍ സരാഗ, ടി.വി ജലജ, മോളി, വി.ഇ.ഒ മോഹനന്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിഥുല തുടങ്ങിയവര്‍ സംസാരിച്ചു