കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്സ്; രോഗം സ്ഥിരീകരിച്ചത് തലശ്ശേരി സ്വദേശിക്ക്
കണ്ണൂർ: കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നും നാട്ടിലെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇതോടെ ജില്ലയിൽ രണ്ടു കേസുകളായി. നേരത്തെ അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയിലുള്ളവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും. എംപോക്സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.