കണ്ണൂരിൽ ട്രെയിൻ പോകുമ്പോൾ റെയിൽപാളത്തിൽ വയോധികൻ കമഴ്ന്നുകിടന്ന സംഭവം; പന്നേൻപാറ സ്വദേശിക്കെതിരെ ആർ.പി.എഫ് കേസെടുത്തു


കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ പോകുമ്പോൾ റെയിൽപാളത്തിൽ കമഴ്ന്നുകിടന്ന വയോധികനെതിരെ ആർ പി എഫ് കേസെടുത്തു. പന്നേൻപാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടും. അനധികൃതമായി പാളത്തിലൂടെ നടന്നതിനാണ് കേസ്.

കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽപാളത്തിൽ പവിത്രൻ കമഴ്ന്നുകിടക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന സമയമത്രയും ഇയാൾ ഇങ്ങനെ കിടക്കുകയും ട്രെയിൻ പോയ ശേഷം എഴുന്നേറ്റ് പാളം മുറിച്ച് കടന്ന് നടന്ന് പോവുകയും ചെയ്ത്. സമീപത്തുണ്ടായിരുന്ന ആരോ പകർത്തിയ ദൃശ്യം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

സമൂഹമാധ്യമത്തിൽ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് ആർ പി എഫ് കേസെടുത്തത്. പാളത്തിലൂടെ നടന്ന് വീട്ടിലേക്ക് വരുമ്പോൾ പെട്ടെന്ന് ട്രെയിൻ വരുന്നത് കണ്ടു. ജീവൻ രക്ഷാർത്ഥം പാളത്തിൽ കമിഴ്ന്ന് കിടന്നതാണെന്ന് പവിത്രൻ പറഞ്ഞു.