പേരാമ്പ്രയിലെ മഴയും കാറ്റും മുന്‍കൂട്ടി അറിയാം; കേന്ദ്ര കാലാവസ്ഥാ നിയന്ത്രണ മന്ത്രാലയത്തില്‍ നിന്നല്ല, നമ്മുടെ കക്കയത്തെ പ്രാദേശിക കേന്ദ്രത്തില്‍ നിന്നും


പേരാമ്പ്ര: ‘പേരാമ്പ്രയില്‍ ഇന്ന് അതിശക്തമായ മഴ പെയ്യും, ഇടിമിന്നലിനും സാധ്യത’. ഇനി ഇത്തരം അറിയിപ്പുകള്‍ നിങ്ങള്‍ക്കും ഓണ്‍ലൈനായി ലഭ്യമാവും. വിവരം നല്‍കുന്നത്. കേന്ദ്ര കാലാവസ്ഥാ നിയന്ത്രണ മന്ത്രാലയമല്ല. പിന്നെ എവിടുന്നാണെന്നല്ലെ? നമ്മുടെ കക്കയത്തു നിന്നും. ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നാണ് കക്കയത്ത് പ്രദേശിക കാലാവസ്ഥാ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.

ഇന്ന് കാറ്റുണ്ടാവുമോ, മഴ ശക്തമായി പെയ്യുമോ എന്ന് തുടങ്ങി നമ്മുടെ നാട്ടിലെ കാലാവസ്ഥാ മാറ്റങ്ങള്‍ ഇനി മുന്‍കൂട്ടി അറിയാം. കര്‍ഷകര്‍ക്ക് മഴ സംബന്ധിച്ച് പ്രാദേശിക വിവരങ്ങള്‍ കൈമാറുകയാണ് കേന്ദ്രങ്ങളുടെ പ്രധാന ദൗത്യം. ഇതുവഴി അവര്‍ക്ക് വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കുക എളുപ്പമാണ്.

2018ലെ പ്രളയത്തിന് പിന്നാലെ കേരളത്തിലുടനീളം 100 ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ (എ.ഡബ്ല്യു.എസ്) സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുപിന്നാലെ 100 ചതുരശ്രമീറ്ററില്‍ ടവറും ഉപകരണങ്ങളും സ്ഥാപിച്ചാണ് കേന്ദ്രങ്ങളൊരുക്കിയത്.

വായുവിന്റെ താപനില, ആപേക്ഷിക ആര്‍ദ്രത, അന്തരീക്ഷമര്‍ദം, കാറ്റിന്റെ വേഗം, ദിശ, മഴ, സൗരവികിരണം എന്നിവ ഉള്‍പ്പെടെയുള്ള ഉപരിതല കാലാവസ്ഥാ വിവരങ്ങള്‍ 15 മിനിറ്റ് ഇടവേളയില്‍ കേന്ദ്രങ്ങള്‍ ശേഖരിക്കും. ഇവ തത്സമയം പുണെയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വകുപ്പില്‍ സ്വീകരിക്കും. തുടര്‍ന്നിത് അവലോകനം ചെയ്ത് ക്രോഡീകരിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (http://aws.imd.gov.in) ലഭ്യമാക്കും.

കക്കയം ഉള്‍പ്പെടെ കോഴിക്കോട് ജില്ലയില്‍ നാല് പ്രദേശിക കേന്ദ്രങ്ങളാണ് ഉള്ളത്. കോഴിക്കോട് ബീച്ച്, കുന്നമംഗലം, തിരുവമ്പാടി ഉറുമി എന്നിവിടങ്ങളിലാണ് മറ്റ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങള്‍ നിലവിലുള്ളത്.

summary: in kakkayam will now be available from the local center to know about climate change