’42 അക്കൗണ്ടുകളില്‍നിന്നായി തട്ടിയെടുത്തത് 26.24 കിലോ സ്വര്‍ണം, പകരം വെച്ചത് മുക്കുപണ്ടം’; പോയ വർഷം ഞെട്ടിച്ച ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണതട്ടിപ്പ്
വടകര: ‘ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയില്‍ വന്‍ തട്ടിപ്പ്: 26.24 കിലോ സ്വര്‍ണവുമായി മുന്‍ മേനേജര്‍ മുങ്ങി, പകരം വെച്ചത് മുക്കുപണ്ടം’ മാസങ്ങള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വന്ന ബ്രേക്കിങ് ന്യൂസിന്റെ തലക്കെട്ട് ഇപ്രകാരമായിരുന്നു. പിന്നാലെ വടകരയിലെ ബാങ്ക് തട്ടിപ്പിന്റെ പിന്നാമ്പുറ കഥകള്‍ യഥേഷ്ടം പത്രതാളുകളിലും ഫേസ്ബുക്ക് വാളിലും നിറഞ്ഞു. കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട തട്ടിപ്പ് കേസ് കൂടിയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണതട്ടിപ്പ്.
എന്നാല്‍ വാര്‍ത്തകള്‍ വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യപ്രതിയും ബാങ്കിന്റെ മുന്‍ മാനേജറുമായ മധാ ജയകുമാര്‍ പിടിയിലായി. ജില്ലാ ക്രൈം ബ്രാഞ്ച് സംഘമാണ് പ്രതിയെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണമാണ് മധാ ജയകുമാര്‍ കടത്തിയത്. പണയം വച്ച ആഭരണങ്ങള്‍ മാറ്റിയശേഷം പകരം വ്യാജ സ്വർണം വച്ചായിരുന്നു തട്ടിപ്പ്.
മൂന്ന് വര്‍ഷത്തോളം വടകര ശാഖയില്‍ മാനേജരായിരുന്ന മധാ ജയകുമാര്‍ ജൂലൈ ആറിന് എറണാകുളം ജില്ലയിലെ പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറിപ്പോയി. വടകരയില്‍ പുതുതായി ചുമതലയേറ്റ മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂണ്‍ 13 മുതല്‍ 2024 ജൂലൈ ആറ് വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധാ ജയകുമാര്‍ പാലാരിവട്ടത്തെത്തി ചുമതലയേറ്റിരുന്നില്ല.
കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന മധയെ തെലങ്കാനയില്‍ നിന്നുമാണ് പോലീസ് പിടികൂടുന്നത്. കര്‍ണാടക വഴി തെലങ്കാനയിലെത്തിയ ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിനിടെയാണ്
പോലീസിന്റെ പിടിയിലാവുന്നത്. ഇയാളെ പിടികൂടാനായി എല്ലാ വഴികളും പോലീസ് തേടിയിരുന്നു. ഇതിന്റെ ഭാഗമായി ഇയാളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും ബ്ലോക്ക് ചെയ്തിരുന്നു.
തെലങ്കാനയില്‍ നിന്നും തിരിച്ചറിയല്‍ കാര്‍ഡില്ലാതെ സിം കാര്‍ഡ് കിട്ടുമോ എന്നന്വേഷിച്ച് ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ചെന്നതോടെയാണ് ഇയാള്‍ പിടിയിലാവുന്നത്. സംശയം തോന്നിയ കടക്കാര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ പിടികൂടി പോലീസിനെ വിവരം അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് വടകരയില്‍ കേസ് ഉള്ള കാര്യം അറിഞ്ഞത്. ഉടന്‍ തന്നെ തെലങ്കാന പോലീസ് കേരള പോലീസിനെ വിവരം അറിയിച്ചു.
മധാ ജയകുമാറിനെ തേടി മേട്ടുപ്പാളയത്തുണ്ടായിരുന്ന അന്വേഷണ സംഘം ഉടന്‍ ബീദറിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വിമാനമാര്‍ഗം കോഴിക്കോട്ടേക്ക് എത്തിച്ചു. കേസിന്റെ നാള്‍വഴികളില്‍ മധാ ജയകുമാറിന്റെ സ്വകാര്യ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മധാ ജയകുമാര്‍ നയിച്ചിരുന്നത് ആഡംബര ജീവിതമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ മധ താമസിച്ചിരുന്നത് ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയുള്ള മൂന്നു നില വീട്ടിലാണ് എന്നാണ് വിവരം. മാത്രമല്ല നിരവധി ആഡംബര കാറുകളും, പല സ്ഥലങ്ങളിലും ഫ്‌ളാറ്റും, സ്ഥലവും ഇയാള്‍ക്കുണ്ടെന്നാണ് വിവരം.
ആഗസ്ത് മാസത്തില്‍ തന്നെ മധ ജയകുമാർ കവർന്ന 26 കിലോ സ്വർണത്തിൽ നാലര കിലോ സ്വർണം പോലീസ് കണ്ടെത്തി. തമിഴ്‌നാട് തിരുപ്പൂരിലെ ഡിബിഎസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ബാങ്കില്‍ പണയം വെച്ചതായിരുന്നു സ്വര്‍ണം. ബാങ്കില്‍ ജോലി ചെയ്യുന്ന തിരുപ്പുർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാര്‍ത്തി എന്നയാളുമായി ചേര്‍ന്നാണ് സ്വര്‍ണം ഇവിടെ പണയം വച്ചത്. മധാ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറേഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാര്‍ത്തിക്കിനായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
ഇയാള്‍ക്കായി ആഴ്ചകളോളം കേരള – തമിഴ്നാട് പൊലീസ് ടീം തിരച്ചിൽ നടത്തിയിരുന്നു. കാർത്തിക് പറഞ്ഞതനുസരിച്ച് തിരുപ്പൂരിലെ ബാങ്കുകളിൽ പണയം വച്ചവർ ഇയാൾക്കെതിരെ അവിടുത്തെ പൊലീസിൽ പരാതി നൽകി. ഈ കേസുകളിലും കാർത്തിക് പ്രതിയാകും. ഇതിൽ നിന്നു രക്ഷപ്പെടാൻ കാർത്തിക് തിരുപ്പുർ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയിരുന്നു. എന്നാല്‍ ഇപ്പോഴും കാര്‍ത്തിക് കാണാമറയത്ത് തന്നെയാണ്. കാർത്തിക്കിനെ കിട്ടിയാൽ മാത്രമേ അന്വേഷണം തുടരാൻ പൊലീസിന് കഴിയൂ. ബാക്കി സ്വർണം പണയം വച്ചതിനെപ്പറ്റിയുള്ള വിവരം ഇയാൾക്ക് മാത്രമേ അറിയൂ എന്നാണ് ഒന്നാം പ്രതി മധ ജയകുമാർ പറയുന്നത്.
ഇതിനിടെ കേസ് അന്വേഷണ തലവൻ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലചന്ദ്രനെ നിലമ്പൂർ ഡിവൈഎസ്പിയായി സ്ഥലം മാറ്റി. പകരം താനൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നിക്കായിരിക്കും അന്വേഷണ ചുമതല. മലപ്പുറം ജില്ലയിലെ പൊലീസ് കൂട്ട സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഈ നടപടി.
Description: In 2024, 'Gold fraud in Bank of Maharashtra Vadakara Branch' is in the news