ലഹരി മാഫിയക്ക് എതിരെ ശക്തമായ പോരാട്ടവുമായി എക്സൈസും പോലീസും; 2024 ൽ വടകരയിൽ രജിസ്റ്റർ ചെയ്തത് 89 എൻഡിപിഎസ് കേസ്, 600 ഓളം അബ്കാരി കേസുകൾ


വടകര: നമ്മുടെ സമൂഹത്തിൽ കുറച്ചു വർഷമായി ലഹരി മാഫിയ പിടിമുറുക്കുകയാണ്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളുമായി യുവാക്കളും യുവതികളും പിടിയിലാകുന്ന വാർത്തയിലൂടെയാണ് ഓരോ ദിനവും പുലരുന്നത്. ഇതിനെതിരെ ജാഗ്രതയോടെയാണ് നാട് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായ വർഷമായിരുന്നു 2024. അതിനാൽ വടകരയിൽ ഒരു പരിധി വരെ ലഹരി മാഫിയയുടെ കടന്നുകയറ്റം തടയാൻ കഴിഞ്ഞിട്ടുണ്ട്. ലഹരി ബോധവത്ക്കരണ പരിപാടികളിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടായ വർഷം കൂടിയായിരുന്നു ഇതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറയുന്നു. വടകര മേഖലയിലെ എക്സൈസിനെ സംബന്ധിച്ച് 2024 ൽ അബ്കാരി കേസുകൾ കൂടി. ചെറുതും വലുതുമായി 340 മദ്യക്കടത്ത് കേസാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്.

ഈ വർഷത്തെ ഏറ്റവും വലിയ കേസ് നാദാപുരം റോഡ് കെടി ബസാറിൽ ലോറിയിൽ കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി കന്യാകുമാരി പാലൂർ സ്വദേശി പ്ലാഗത്ത് വീട്ടിൽ പുരുഷോത്തമൻ അറസ്റ്റിലായതാണ്. പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാവകാശമുള്ള 140.25 ലിറ്റർ വിദേശ മദ്യം 180 കുപ്പികളിലായി ലോറിയിൽ കടത്താനായിരുന്നു ഇയാളുടെ ശ്രമം. മാഹിയിൽ നിന്ന് മദ്യം സ്കൂട്ടറുകളിലുൾപ്പടെ അതിർത്തി കടത്തുന്നുണ്ട്. ചെക്പോസ്റ്റിലും ഇടവഴികളിലും എല്ലാം എക്സൈസ് പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറയുന്നു.

ഈ വർഷം 26 എൻഡിപിഎസ് കേസുകളാണ് വടകര മേഖലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത്. 2023ൽ എടോടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് 54 ​ഗ്രാം മെത്താഫിറ്റമിനുമായി യുവാവിനെ പിടികൂടിയ കേസിൽ വിധി വന്നത് ഈ വർഷമാണ്. 15 വർഷം തടവാണ് പ്രതിക്ക് ശിക്ഷ ലഭിച്ചത്. സ്കൂളുകളിലും, യുവാക്കൾക്കിടയിലും പൊതു സ്ഥലങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതും കോളേജ് പരിസരങ്ങൾ, ബസ് സ്റ്റാൻഡ്, ബീച്ച്, പാർക്ക് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതിനാലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധച്ചതെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

63 എൻ ഡി പി എസ് കേസ് ആണ് വടകര പോലീസ് ഈ വർഷം രജിസ്റ്റർ ചെയ്തത്. ഇതിൽ 59 ഓളം കേസ് ഉം ഉപയോഗത്തിനായി ലഹരി കൈവശം സൂക്ഷിച്ചതിനാണ്. നാമമാത്രമായ കേസ് ആണ് ലഹരി വില്പന നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുള്ളു. ഇതിൽ ശ്രദ്ധിക്കപ്പെട്ട ഒരു കേസ് വടകര റയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാർ അറസ്റ്റിൽ ആയിരുന്നതാണ്. അത് പോലെ ഈ വർഷം 228 അബകാരി കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതു സ്ഥലത്ത് ഇരുന്നു മദ്യപിച്ചതിനാണ് കൂടുതൽ കേസ് ഉം എടുത്തിരിക്കുന്നത്.

സാൻഡ്ബാങ്ക്സ് ബീച്ച് പരിസരത്ത് ലഹരി മാഫിയ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു. എക്സൈസും പോലിസും രാത്രിയും പകലും നിരീക്ഷണം ശക്തമാക്കിയതോടെ ഈ വർഷം ഒരു പരിധിവരെ ഇവിടം ലഹരിമുക്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വടകരയിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാൻഡിൽ ദിനം പ്രതി അപരിചതരെത്തുന്നുണ്ട്. ഇതിൽ യഥാർത്ഥ ലഹരി സംഘത്തെ കണ്ടെത്തുക എന്നത് പ്രയാസകരമാണ്. എന്നിരുന്നാലും ഇവിടങ്ങളിൽ എക്സൈസിന്റെയോ പോലിസിന്റെയോ സാന്നിധ്യം ഉണ്ടെന്ന് തിരിച്ചറിയുന്നത് മാഫിയാ സംഘങ്ങളിൽ ചെറിയ രീതിയിലെങ്കിലും ഭീതിയുണ്ടാക്കിയിട്ടുണ്ടെന്നും എക്സൈസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

റിമാൻഡിലാകുന്ന പ്രതികളെ ഇറക്കാൻ കഴിവും പ്രശസ്തിയും ഉള്ള വക്കീലന്മാർ വാദിക്കാനെത്തും. പ്രതി എത്ര സാധാരണക്കാരനാണെങ്കിലും വക്കീൽ കോടതിയിൽ ഹാജരായിട്ടുണ്ടാകും. ഇവർക്ക് ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്ത് നൽകുന്നത് പിടിയിലായ പ്രതികൾക്ക് പിന്നിലുള്ള മാഫിയയാണെന്ന് പോലിസ് പറയുന്നു. ഇതാണ് വീണ്ടും ലഹരകടത്താൻ ഇത്തരക്കാർക്ക് പ്രചോദനമാകുന്നത്.