2018 ൽ ‘കിത്താബിന്’ കയ്യടിച്ചവർ 2023 ൽ ‘ബൗണ്ടറി’ കലക്കാൻ ഇറങ്ങിയപ്പോൾ..; കലോത്സവത്തിൽ മേമുണ്ട സ്കൂളിന്റെ നാടകം കലക്കാനെത്തിയവരെ കുറിച്ച് അജീഷ് കൈതക്കൽ എഴുതുന്നു (വീഡിയോ)


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മേമുണ്ട സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ‘ബൗണ്ടറി’ എന്ന നാടകം ഏറെ ചര്‍ച്ചയായിരുന്നു. നാടകം ദേശ വിരുദ്ധമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തുകയും നാടകത്തിനെതിരെ പ്രതിഷേധിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് നാടകം അരങ്ങേറിയത്. കഴിഞ്ഞ തവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഇവര്‍ അവതരിപ്പിച്ച ‘കിത്താബ്’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

‘പാകിസ്ഥാന് വേണ്ടി കയ്യടിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കാന്‍ സിപിഐഎമ്മി ന്റെ പരീക്ഷണശാലയായ മേമുണ്ട എച്ച്എസ്എസിന്റെ നാടകം ദേശവിരുദ്ധമാണെന്നും കലോത്സവ വേദിയില്‍ നാടകം കളിക്കാന്‍ അനുവദിക്കില്ലെന്നുമായിരുനന്നു ഭീഷണിയെന്ന് അധ്യാപകനായ അജീഷ് കൈതക്കല്‍ പറയുന്നു. ഫേസ്ബുക്ക് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാടകം കളിക്കുന്നതിന് മുമ്പ് അണിയറ പ്രവര്‍ത്തകരെ ഭീഷണപ്പെടുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം കിത്താബ് എന്ന നാടകത്തിന് കൈയടിച്ചവാണ് ബൗണ്ടറിയെ കലക്കാനെത്തിയതെന്നും അദ്ദേഹം പറയുന്നു. കലോത്സവത്തില്‍ വിജയിക്കുക എന്നതിലുപരി നാടകം കഴിഞ്ഞപ്പോള്‍ സദസ് ഒന്നടങ്കം എഴുന്നേറ്റ് കൈയടിച്ചിരുന്നു. ഇതാണ് നാടകത്തിന് ലഭിച്ച ഏറ്റവും വലിയ വിജയമെന്ന് അജീഷ് കൈതക്കല്‍ പേരാമ്പ്ര ന്യൂസ് ഡോട്ട്‌കോമിനോട് പറഞ്ഞു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

2018 ല്‍ ‘കിത്താബിന് ‘ കയ്യടിച്ചവര്‍ 2023ല്‍ ‘ ബൗണ്ടറി ‘ കലക്കാന്‍ ഇറങ്ങിയപ്പോള്‍ …..

‘കലോത്സവ പരിപാടികള്‍ക്ക് ഒക്കെ സജീവമാണല്ലേ…
എല്ലാ ദിവസവും കാണാന്‍ വരാറുണ്ടോ…..?
‘സ്‌ക്കൂള്‍ കലോത്സവത്തിന്റെ നാടക വേദിയായ തളി സ്‌ക്കൂള്‍ പരിസരത്ത് കണ്ടുമുട്ടിയ എന്റെ നാട്ടിലെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനോട് പെട്ടന്നാ ചോദ്യം ചോദിപ്പോള്‍ ഒന്ന് ചമ്മി ക്കൊണ്ട് അയാള്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ‘ഏയ് ഇല്ല ….ഞാനിവിടെ കേസരിയുടെ ഓഫീസില്‍ വരേണ്ട ഒരാവശ്യം ഉണ്ടായിരുന്നു ….. അപ്പോള്‍ വെറുതെ ….വെറുതെ ഒന്ന് കയറിയതാണ് ….വേറെ ഒന്നും ഇല്ല …..ഒന്നും ഇല്ല ട്ടോ …’
‘എന്തായാലും വന്നതല്ലേ എന്നാല്‍ പിന്നെ അടുത്ത നാടകം കൂടെ കണ്ടിട്ട് പോയാല്‍ പോരെ …?’ എന്ന ചോദ്യം എന്റെ നാവിന്‍ തുമ്പില്‍ വന്നതാ പക്ഷേ ചോദ്യം ഞനങ്ങ് വിഴുങ്ങി .പറഞ്ഞ അയാള്‍ക്കും എനിക്കും നന്നായി അറിയാം അയാളും സുഹൃത്തുക്കളും വന്നത് മേമുണ്ട സ്‌കൂള്‍ അവതരിപ്പിച്ച ‘ബൗണ്ടറി ‘ എന്ന നാടകം ദേശവിരുദ്ധമാണ് എന്ന വിദ്വേഷം പ്രചരണം കേട്ട് ഒത്താല്‍ ഒന്ന് കലക്കണം എന്ന് കരുതി വന്ന ‘ രാജ്യ സ്‌നേഹം തുളുമ്പിയത് കൊണ്ടാണെന്ന്…

‘പാകിസ്ഥാന് വേണ്ടി കയ്യടിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനു സിപിഐഎമ്മിന്റെ അക്ഷീണ പ്രയത്‌നത്തിന്റെ പരീക്ഷണശാലയായ മേമുണ്ട എച്ച്എസ്എസ് നാടകം ദേശവിരുദ്ധമാണ് …. കലോത്സവ വേദിയില്‍ നാടകം കളിക്കാന്‍ അനുവദിക്കില്ല ‘ എന്നയിരുന്നു സംഘ പരിവാര്‍ ആഹ്വാനം’ പക്ഷേ തളിയിലെ സദസ് കണ്ടപ്പോള്‍ വാലും ചുരുട്ടി തിരിച്ചു പോയതാണ് ആര്‍ക്കാണറിയാത്തത് .
ഫാത്തിമ സുല്‍ത്താന എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തിലൂടെ സമകാലിന ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച നാടകമായിരുന്നു റഫീക്ക് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച ‘ബൗണ്ടറി ‘

ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഫാത്തിമ സുല്‍ത്താന ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ മികച്ച കളി കളിച്ച് ജയിച്ചപ്പോള്‍ , ജയിച്ച ടീമിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും അതുവഴി സുല്‍ത്താനയുടെ മതത്തെ പ്രതികൂട്ടില്‍ നിര്‍ത്തി ദേശദ്രോഹി ആക്കി വിലക്കുന്നതുമാണ് പ്രമേയം……

‘ യുദ്ധത്തില്‍ പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ അല്ലല്ലോ ഉമ്മാ …നല്ല കളി കണ്ടപ്പോള്‍ അല്ലേ ഞാന്‍ കയ്യടിച്ചത് …. ബ്രസീലും അര്‍ജന്റീനയും ജയിക്കുമ്പോള്‍ നമ്മള്‍ കയ്യടിക്കാറില്ലേ ? …….നമ്മളെ നൂറ്റാണ്ടുകള്‍ അടക്കിഭരിച്ച് ചൂഷണം ചെയ്ത ഇംഗ്ലണ്ടും പോര്‍ച്ചുഗലും ജയിക്കുമ്പോള്‍ നമ്മള്‍ കയ്യടിക്കാറില്ലേ ?……. പിന്നെന്താ പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ കയ്യടിക്കുമ്പോള്‍ മാത്രം ഇത്ര പ്രശ്‌നങ്ങള്‍ ?…..’
സുല്‍ത്താനയുടെ ഈ ചോദ്യം നടകത്തില്‍ ഉമ്മയോട് ആണെങ്കിലും പുറത്ത് വന്നപ്പോള്‍ ആഴത്തില്‍ തറച്ചത് സംഘികളുടെ നെഞ്ചിലാണെന്ന് വ്യക്തം.

‘എന്റെ മോളേ നമ്മുടെ രാജ്യം നിന്നെ പോലെ
ചിന്തിക്കാന്‍ പക്വത പ്രാപിച്ചിട്ടില്ല ….’ എന്ന ഉമ്മയുടെ മറുപടി മതേത ബോധമുള്ള മുഴുവന്‍ ഇന്ത്യക്കാരുടെയും മറുപടിയാണ്.

 

‘ I will not allow patriotism to trimph over humanity ‘ ( ഞാന്‍ ജീവിച്ചിരിക്കുന്നെടുത്തോളം കാലം ദേശീയതയെ മാനവികതയ്ക്ക് മുകളില്‍ പോകാന്‍ അനുവദിക്കില്ല ) എന്ന് 1917 ല്‍ എഴുതിയ On Nationalism എന്ന പ്രബന്ധത്തില്‍ എഴുതിയ നമ്മുടെ വിശ്വമഹാകവി ടാഗോര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സംഘപരിവാറിന്റെ കണ്ണിലെ ഏറ്റവും വലിയ ദേശദ്രോഹി ആയിരുന്നേനെ ….

‘Patriotism is the last refuge of a scoundrel. ….’ (ഒരു തെമ്മാടിയുടെ അവസാന അഭയ കേന്ദ്രമാണ് ദേശീയത ) എന്ന ടാഗോര്‍ വാചകം അതെന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് രാജ്യം ഭരിക്കുന്ന മൂത്ത സംഘി മുതല്‍ ഇന്ന് നാടകം കലക്കാന്‍ വന്ന ഇളമുറക്കാരന്‍ വരെ പറഞ്ഞേനെ ….!

‘ഫാത്തിമയെ ഞങ്ങള്‍ കളിപ്പിക്കും ‘ എന്നും പറഞ്ഞ് മുതലെടുപ്പിന് വരുന്ന മതമൗലികവാദികളോടും ഉമ്മ പറഞ്ഞ മറുപടി തന്നെയാണ് നമ്മുടെ നാടിനും പറയാനുള്ളത് …..’ ചെലക്കാതെ പോടോ…..’

ഫാത്തിമ സുല്‍ത്താന ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ കാലത്ത് ആണ്‍കുട്ടികളെ പോലെ പാന്റ് ധരിച്ചതും കളിക്കാന്‍ ഇറങ്ങിയതും പോലും സമുദായത്തിന് എതിരാണ് എന്ന് പറയുന്ന മതപൗരോഹിത്യത്തേയും ബൗണ്ടറി കടത്തിവിടുന്നുണ്ട് ഈ നാടകത്തില്‍ ‘ആരാണ് ഉമ്മ ഈ അതിര്‍ത്തികള്‍ സ്ഥാപിച്ചത് ?….’ ഈ ചോദ്യം ആദ്യം ചോദിച്ചയാള്‍ ഫാത്തിമ സുല്‍ത്താന അല്ല ചരിത്രത്തില്‍ ഈ ചോദ്യം നിരവധി തവണ ഉയര്‍ന്നുവന്നിട്ടുണ്ട്.

‘എവിടെവിടങ്ങളില്‍ ചട്ടികലങ്ങള്‍
എടുത്തെറിയുന്നുണ്ടീ പാരിടത്തില്‍
അവിടവിടങ്ങളെ കൂട്ടി വരയ്ക്കണം
പുതിയ ഒരു രാഷ്ട്രത്തിന്‍ അതിര്‍വരകള്‍ ‘
1950 ല്‍ കുടിയിറക്കം എന്ന കവിതയില്‍ ഇടശ്ശേരി എഴുതിയതും ‘എത്ര വിശ്വം ഭവത്രേക നീഡം ‘ (ലോകം ഒരു പക്ഷിക്കൂടാവട്ടെ )എന്ന യജുര്‍വേദത്തിലെ വാചകം വിശ്വഭാരതി സര്‍വകലാശാലയുടെ ലക്ഷ്യ വാചകമായി ടാഗോര്‍ സ്വീകരിച്ചതും എല്ലാം വിശ്വമാനവിക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ്.

ഞങ്ങള്‍ കുട്ടികളുടെ മനസ്സിനെ വേലി കെട്ടി വേര്‍തിരിക്കാം എന്ന് നിങ്ങളാരും കരുതണ്ട എന്നും പറഞ്ഞ് ഫാത്തിമയ്ക്ക് പിന്തുണയുമായി ക്രിക്കറ്റ് ടീം ഒന്നടങ്കം പറയുമ്പോള്‍ അതൊരു പ്രതീക്ഷ തന്നെയാണ്.

‘കണ്ണുള്ളോരെ കാതുള്ളോരെ
ഞങ്ങളുമുണ്ടേ ഈ പെണ്ണിനൊപ്പം ‘

എന്ന പാട്ടും പാടി ചുവട് വെച്ച് നാടകത്തിന് തിരശ്ശീല താഴ്ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു എന്നതാണ് ഗ്രേഡുകള്‍ക്കും സ്ഥാനങ്ങള്‍ക്കും അപ്പുറം ബൗണ്ടറിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം.