‘പുതുവത്സരത്തിലെ സന്തോഷ വാർത്ത, ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി


കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേർത്ത ശബ്ദത്തിലായിരുന്നു പ്രതികരണം. തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരികയാണ്‌. ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ വെന്റിലേഷൻ എത്ര ദിവസം തുടരണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

എംഎല്‍എയുടെ ആരോഗ്യസ്ഥിതിയില്‍ ആശാവഹമായ പുരോഗതിയുണ്ടായതായി എംഎൽഎയുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിന്‍ ടീമും അറിയിച്ചിട്ടുണ്ട്. പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ പറയുന്നുണ്ട്‌.

ചൊവ്വാഴ്ച രാവിലെ എംഎൽഎ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് കേസിൽ മൃദംഗവിഷൻ എംഡി അടക്കം അഞ്ച് പേരെ പ്രതി ചേര്‍ത്തു. മുൻകൂർ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച മൃദംഗ വിഷന്‍ ഉടമ എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവന്റ്സ് ഉടമ പിഎസ് ജെനീഷ് എന്നിവര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച രണ്ടരയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നാണ് നിര്‍ദേശം. ഹൈക്കോടതി അവധിക്കാല സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഇക്കഴിഞ്ഞ 28നാണ് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

DescriptionI: mprovement in the health condition of Uma Thomas MLA