പ്ലസ് വൺ പരീക്ഷയിലെ ആൾമാറാട്ടം; പ്രതിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും, പ്ലസ്ടു വിദ്യാർത്ഥിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നു
നാദാപുരം: കടമേരിയിൽ പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷക്ക് ആൾമാറാട്ടം നടത്തിയ ബിരുദ വിദ്യാർത്ഥിയെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും. ആൾമാറാട്ടം നടത്തിയതിന് കൊയിലാണ്ടി മുചുകുന്ന് പുളിയഞ്ചേരി സ്വദേശി കെ.കെ മുഹമ്മദ് ഇസ്മയിലിനെയാണ് നാദാപുരം പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കടമേരിയിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർത്ഥിക്ക് വേണ്ടിയാണ് മുഹമ്മദ് ഇസ്മയിൽ ഹോൾടിക്കറ്റിൽ ക്രിത്രിമം കാണിച്ച് പരീക്ഷ എഴുതിയത്.
കേസിൽ പ്ലസ്ടു വിദ്യാർത്ഥിയുടെ സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോഡിന് മുൻപിൽ ഹാജരാക്കും. കടമേരി ആർ എ സി ഹയർ സെക്കണ്ടറി സ്കൂളിലാണ് പ്ലസ് വൺ ഇംഗ്ലീഷ് ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ടം നടന്നത്. ക്ലാസിൽ പരീക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകന് സംശയം തോന്നി ചോദ്യം ചെയ്തതപ്പോഴാണ് ആൾമാറാട്ടം മനസിലായത്.

അധ്യാപകൻ പ്രിൻസിപ്പാളിനെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രിൻസിപ്പാൾ വിദ്യാഭ്യാസ അധികൃതർക്കും പോലീസിലും പരാതി നൽകി. തുടർന്ന് നാദാപുരം പോലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.