കോഴിക്കോട്ടെ ബീച്ചുകളിൽ നിയമം ലംഘിച്ച് കച്ചവടം; ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയുമെല്ലാം വാങ്ങി കഴിക്കുന്നവർ സൂക്ഷിക്കുക, ഉപ്പിലിട്ടത് കഴിച്ച വട്ടോളി സ്വദേശിയായ കുട്ടിക്ക് പൊള്ളലേറ്റു


കോഴിക്കോട്: കഴിഞ്ഞ ബുധനാഴ്ച ബീച്ചിലെ ഒരു തട്ടുകടയിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ച കുട്ടിക്ക് വായിൽ പൊള്ളലേറ്റത്. വട്ടോളി സ്വദേശിയായ കുട്ടിക്കാണ് പൊള്ളലേറ്റത്. തുടർന്ന് ആരോഗ്യവിഭാഗം കട പൂട്ടിക്കുകയും ചെയ്തു. ഉപ്പിലിടാൻ നിയമം ലംഘിച്ച് ആസിഡ് ഉപയോഗിച്ചോ എന്നറിയാൻ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ടെ ബീച്ചുകളിൽ നിയമലംഘിച്ച് ചിലർ കച്ചവടം നടത്തുന്നുണ്ടെന്നാണ് ആരോപണം. ഉപ്പിലിട്ട മാങ്ങയിലും നെല്ലിക്കയിലുമൊക്കെ മായം ചേർക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

പല വസ്തുക്കളും ഉപ്പിലിട്ടാൽ അത് പാകമായി വരാൻ ഏറെക്കാലമെടുക്കും. എന്നാൽ എളുപ്പത്തിൽ ഉപ്പുപിടിച്ച് പാകമാകാനാണ് ആസിഡ് ചേർക്കുന്നത്. സാധാരണയായി അസറ്റിക്ക് ആസിഡ് നേർപ്പിച്ച് പല കടക്കാരും ഉപ്പിലിടാൻ ഉപയോഗിക്കാറുണ്ടെന്ന് അന്ന് കണ്ടെത്തിയിരുന്നു. ഉപ്പുവെള്ളം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ രുചി ലഭിക്കുമെന്നതും മറ്റൊരു കാരണമാണ്. സാധാരണയായി ഉപ്പും വെള്ളവുമുപയോഗിച്ച് മാങ്ങയും മറ്റും ഉപ്പിലിടുമ്പോൾ ഭരണിക്കകത്ത് വെള്ളനുരയും കലക്കവും വരാറുണ്ട്. എന്നാൽ ബാറ്ററി വാട്ടറും മറ്റും ഉപയോഗിച്ച് ഉപ്പിലിട്ടാൽ ഇതുണ്ടാവില്ലെന്നും അധികൃതർ പറഞ്ഞു. ചില കടക്കാർ നടത്തുന്ന മായം ചേർക്കൽ എല്ലാ തട്ടുകടക്കാരെയും പ്രതിസന്ധിയിലാക്കുന്നു.

2 വർഷം മുൻപ് കാസർകോടുനിന്ന് എത്തിയ സംഘത്തിലെ വിദ്യാർഥികൾ ഉപ്പിലിട്ടതു വിൽക്കുന്ന കടയിലെ കുപ്പിയിൽവച്ച വെള്ളം എടുത്തുകുടിച്ച് പൊള്ളലേറ്റിരുന്നു. ഉപ്പിലിട്ടത് കഴിച്ച കുട്ടി എരിവ് അനുഭവപ്പെട്ടപ്പോൾ കടയിലെ കുപ്പിയിലിരുന്ന വെള്ളം എടുത്തു കുടിക്കുകയായിരുന്നു. വായപൊള്ളിയതോടെ പുറത്തേക്ക് തുപ്പി. തൊട്ടടുത്തുനിന്ന കുട്ടിക്കും പൊള്ളലേറ്റു. വീര്യം കൂടിയ വിനാഗിരി അഥവാ അസറ്റിക്ക് ആസിഡ് ആയിരുന്നു കുപ്പിയിലുണ്ടായിരുന്നതെന്ന് അന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു.