പേരാമ്പ്ര ബൈപ്പാസിലെ അനധികൃത പാര്‍ക്കിംഗ്; കണ്ണടച്ച് അധികാരികള്‍, വാഹനങ്ങള്‍ മാറ്റി NO PARKING ബോര്‍ഡ് സ്ഥാപിച്ച് യുവജന കൂട്ടായ്മ


പേരാമ്പ്ര: ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്തെ വളവിലെ അനധികൃത പാര്‍ക്കിംഗിനെതിരെ പ്രദേശത്തെ തരംഗം ക്ലബ് യുവജന കൂട്ടായ്മ രംഗത്ത്. പാര്‍ക്ക് ചെയ്ത ലോറികള്‍ മാറ്റിപ്പാര്‍പ്പിച്ച് അവിടെ No parking ബോര്‍ഡുകള്‍ സ്ഥാപിച്ചു.

അനധികൃത പാര്‍ക്കിങിനെതിരെ നിരവധി പരാതികള്‍ അധികാരികള്‍ക്ക് മുന്നില്‍ നല്‍കിയിരുന്നെങ്കിലും ഇടപെടലുകള്‍ ഒന്നും ഇല്ലാതായതോടെയാണ് പ്രദേശത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്.

പേരാമ്പ്ര ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്ത് അശ്വനി ആയുര്‍വേദ ഹോസ്പിറ്റലിന് സമീപമാണ് അനധികൃതമായി വലിയ ലോറികള്‍ ഉള്‍പ്പെടെ പാര്‍ക്ക് ചെയ്ത് വന്നിരുന്നത് . ഇത് കാരണം കല്ലോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കില്ല. പാര്‍ക്കിങ് ഇല്ലാത്ത സമയങ്ങളില്‍പ്പോലും കല്ലോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വളവ് കഴിഞ്ഞാല്‍ മാത്രമേ പൈതോത്ത് സൈഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുള്ളു.

ഇത് വലിയ അപകടം വിളിച്ചു വരുത്തുമെന്ന ആശങ്ക ജനങ്ങളില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും വന്ന് കൊണ്ടിരുന്ന വിഷയത്തില്‍ അധികാരികള്‍ ഇടപെടാതെ വന്നപ്പോഴാണ് ചെറുപ്പക്കാര്‍ മുന്നിട്ട് ഇറങ്ങി ബോര്‍ഡ് സ്ഥാപിച്ചത്. സായന്ത് കോരന്‍സ്, പ്രജീഷ് കുമാര്‍, വിധുകുമാര്‍, ഷാമില്‍ കക്കൂഴിയില്‍, അര്‍ജുന്‍ മുറിച്ചാണ്ടി, പ്രവീണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.