പേരാമ്പ്ര ബൈപ്പാസിലെ അനധികൃത പാര്‍ക്കിങ്; അപകടങ്ങള്‍ വര്‍ധിക്കുമെന്ന് നാട്ടുകാര്‍, നോ – പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കണമെന്നും ആവശ്യം



പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് ചിരുതകുന്ന് ഭാഗത്ത് രാത്രി സമയങ്ങളില്‍ അനധികൃതമായി വലിയ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് നാട്ടുകാര്‍. അപകട സാധ്യതയുണ്ടെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ച വളവിന് തൊട്ട് മുന്നിലായാണ് വലിയ ലോറികള്‍ പാര്‍ക്കു ചെയ്യുന്നത്.


വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ കല്ലോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എതിര്‍വശത്ത് നിന്ന് വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കില്ല. പാര്‍ക്കിങ് ഇല്ലാത്ത സമയങ്ങളില്‍പ്പോലും കല്ലോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ വളവ് കഴിഞ്ഞാല്‍ മാത്രമേ പൈതോത്ത് സൈഡ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാണാന്‍ കഴിയുന്നുള്ളു.

ഈ സാഹചര്യത്തില്‍ അനധികൃത പാര്‍ക്കിങ് വലിയ അപകടങ്ങള്‍ വിളിച്ചു വരുത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഉടന്‍ ഇടപെട്ട് സ്ഥലത്ത് നോ -പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിക്കണമെന്നും പോലീസ് നിരീക്ഷണം വേണമെന്നും പ്രദേശത്തെ തരംഗം ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.