കൂരാച്ചുണ്ടില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചകവാതക റീഫില്ലിംഗ്; സിലിണ്ടറുകളും ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു


കൂരാച്ചുണ്ട്: ബി.ജെ.പി നേതാവിന്റെ വീട്ടില്‍ അനധികൃത പാചക വാതക റീഫിലിംഗ് പിടികൂടി. ബി.ജെ.പി ഉള്ള്യേരി മണ്ഡലം ജനറല്‍ സെക്രട്ടറി ജെ.എന്‍.കെ. ജോസിന്റെ വീട്ടില്‍ നിന്നാണ് ഗ്യാസ് റീഫിലിംഗ് കണ്ടത്. സിവില്‍ സ്‌പൈസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 ഗ്യാസ് സിലിണ്ടറുകളാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഇതില്‍ 32 കാലിസിലിണ്ടറുകളും 20 എണ്ണം നിറച്ച സിലിണ്ടറുകളുമാണ്. സിലിണ്ടറുകള്‍ ഫില്‍ ചെയ്യുന്നതിനുള്ള മെഷീനുകളും കണ്ടെടുത്തിട്ടുണ്ട്. സിലിണ്ടറുകളും മെഷീനുകളും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് തൊട്ടടുത്തുള്ള ഗ്യാസ് ഏജന്‍സിയില്‍ ഏല്‍പ്പിച്ചു.

ഗാര്‍ഹിക സിലിണ്ടറുകളില്‍ നിന്നുള്ള ഗ്യാസ് കൊമേഷ്യല്‍ സിലിണ്ടറുകളിലേക്ക് മാറ്റിനിറച്ചു നല്‍കുകയാണ് ചെയ്തത്. ഗാര്‍ഹിക സിലിണ്ടറുകള്‍ ഇത്രയധികം എവിടെ നിന്നുലഭിച്ചുവെന്നത് വ്യക്തമല്ല. സംഭവം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യുമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.