‘ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഫീസ് വാങ്ങി ലൈസന്‍സ് നല്‍കുന്നില്ല, മറ്റൊരിടത്തും കാണാത്ത വിധത്തിലുള്ള ഫീസ് വര്‍ദ്ധനവും’; കൂരാച്ചുണ്ട് പഞ്ചായത്തിനു മുന്നില്‍ നിരാഹാര സമരത്തിനൊരുങ്ങി മര്‍ച്ചന്റ് അസോസിയേഷന്‍


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ അനധികൃതമായ ലൈസന്‍സ് പുതുക്കല്‍ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച്ച മുതലാണ് സമരം ആരംഭിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ നടക്കുന്ന സമരം യൂണിറ്റ് പ്രസിഡന്റ് സണ്ണി പാരഡൈസ് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി ജോബി വാളയപ്ലാക്കല്‍, യൂത്ത് വിങ് പ്രസിഡന്റ് സുജിത്ത് ചിലമ്പക്കുന്നേല്‍ എന്നിവര്‍ നിരാഹാരം നടത്തും.

2023-24 വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കുന്നതിനുവേണ്ടി വ്യാപാരികള്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും ഇതുവരെയും ഫീസ് വാങ്ങി ലൈസന്‍സ് നല്‍കുന്നതിന് പഞ്ചായത്ത് അധികാരികള്‍ തയ്യാറായിട്ടില്ല. കൂടാതെ മറ്റൊരു ഗ്രാമപഞ്ചായത്തുകളിലും കാണാത്ത വിധത്തിലുള്ള ഫീസ് വര്‍ദ്ധനവും ആവശ്യപ്പെടുന്നു. ഇത് ഒരു വിധത്തിലും
അംഗീകരിക്കുവാന്‍ കഴിയില്ല എന്ന് വ്യാപാരികള്‍ പറയുന്നു.

വഴിയോര കച്ചവടം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ നിരവധിതവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും ഇതിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോവാന്‍ വ്യാപാരികള്‍ ഒരുങ്ങുന്നത്.

അതേസമയം വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാനായി തിങ്കളാഴ്ച്ച വൈകുന്നേരം 3 മണിയ്ക്ക് വ്യാപാരികളെ പങ്കെടുപ്പിച്ച് കൊണ്ട് യോഗം ചേരാന്‍ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്‌ പറഞ്ഞു.