കർഷകരുടെ ശ്രദ്ധയ്ക്ക്, പ്രധാനമന്ത്രി കിസാൻ യോജനയുടെ ഗുണഭോക്താവാണെങ്കിൽ സപ്തംബർ 30നകം ഇക്കാര്യങ്ങൾ ചെയ്യുക; ഇല്ലെങ്കിൽ ബാക്കി തുക ലഭിച്ചേക്കില്ല


കോഴിക്കോട്: സ്വന്തമായി ഭൂമിയുള്ള കർഷകർക്കാണ് പിഎം കിസാൻ സമ്മാൻ നിധിയിലെ ആനുകൂല്യം ലഭിക്കുക. അതിന് ഭുമിയുടെ വിവരങ്ങൾ www.aims.kerala.gov.in വഴി നൽകണം. കർശകർക്ക് നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ, ഇ-സേവ കേന്ദ്രങ്ങൾ എന്നിവ വഴിയോ വിവരങ്ങൾ ചേർക്കാം. പദ്ധതിയിലെ കേരളത്തിലെ ഗുണഭോക്താക്കൾ താഴെപ്പറയുന്ന കാര്യങ്ങൾ 2022 സെപ്റ്റംബർ 30നകം ഓൺലൈനായി പൂർത്തീകരിക്കേണ്ടതാണ്. സമയപരിധിക്കുള്ളിൽ പോർട്ടലിൽ വിവരങ്ങൾ നൽകാത്ത ഗുണഭോക്താക്കൾക്ക് തുടർന്ന് പദ്ധതിയുടെ
ആനുകൂല്യങ്ങൾ ലഭിക്കുന്നതല്ല.


1. കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ

നിങ്ങൾ ചെയ്യേണ്ടത്

*എയിംസ് (www.aims.kerala.gov.in) പോർട്ടലിൽ കർഷകർ ലോഗിൻ ചെയ്ത് സ്വന്തം പേരിലുള്ള കൃഷിഭൂമിയുടെ വിവരങ്ങൾ ചേർത്ത് ReLIS പരിശോധന പൂർത്തിയാക്കി അപേക്ഷ ഓൺലൈനായി കൃഷിഭവനിലേക്ക് സമർപ്പിക്കേണ്ടതാണ്.

* ഗുണഭോക്താക്കൾക്ക് അപേക്ഷ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ സമീപത്തുള്ള കൃഷിഭവൻ വഴിയോ അല്ലെങ്കിൽ സ്വന്തമായോ മേൽപ്പറഞ്ഞ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.

* സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ നിലവിൽ റവന്യൂ വകുപ്പിന്റെ റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം പോർട്ടലിൽ( ReLIS) ചേർത്തിട്ടില്ലാത്ത കർഷകർ ആയത് ഉൾപ്പെടുത്തുന്നതിനായി വില്ലേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

2. e-KYC പൂർത്തീകരിക്കൽ

നിങ്ങൾ ചെയ്യേണ്ടത്

* പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾ e-KYC പൂർത്തീകരിക്കുന്നതിന് www.pmkisan.gov.in പോർട്ടലിൽ ഫാർമേഴ്സ് കോർണർ മെനുവിൽ e-KYC ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തുക.

* കർഷകരുടെ മൊബൈലിൽ ലഭ്യമാകുന്ന ഒ.ടി.പി. നൽകി e-KYC നടപടികൾ പൂർത്തിയാക്കാം. ആധാർ നമ്പറിൽ ലഭ്യമായിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി. ലഭ്യമാകുന്നത്.

*e-KYC കർഷകർക്ക് നേരിട്ട് pm-kisan പോർട്ടൽ വഴിയോ, അക്ഷയ ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ /സമീപത്തുള്ള കൃഷിഭവൻ വഴിയോ പൂർത്തീകരിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്കായി

കാർഷിക വിവര സങ്കേതം ടോൾഫ്രീ നമ്പർ 1800-425-1661
പിഎം കിസാൻ സംസ്ഥാന ഹെൽപ്പ് ഡെസ്ക് നമ്പർ 0471-2964022, 2304022 എന്നിവരുമായോ സമീപത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടുക.

Summary: Attention farmers, if you are a beneficiary of Pradhan Mantri Kisan Yojana do the following by September 30; Otherwise the balance may not be received