രാജിവെച്ചില്ലെങ്കില്‍ അവിശ്വാസത്തിലൂടെ ഇറക്കിവിടും; ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ്
ചെറുവണ്ണൂര്‍: ഉപതിരഞ്ഞെടുപ്പിലൂടെ യുഡി.എഫ് അധികാരത്തില്‍ വന്നിട്ടും സ്ഥാനമൊഴിയാതെ എല്‍ഡിഎഫ് വൈസ് പ്രസിഡന്റ്. സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസത്തിലൂടെ ഇറക്കിവിടുമെന്ന് യുഡിഎഫ് പ്രതിനിധികള്‍.
വൈസ് പ്രസിഡന്റായ എല്‍ഡിഎഫിലെ വി.പി പ്രവിത ഇന്ന് രാജി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ അവിശ്വസ പ്രമേയത്തിലൂടെ അവരെ പുറത്താക്കാനാണ് തീരുമാനമെന്ന് യുഡിഎഫ് പ്രതിനിധികള്‍ അറിയിച്ചു.
2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ വിജയിച്ച് പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയിരുന്ന എല്‍ഡിഎഫിന് ഇ.ടി. രാധയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിലൂടെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇരുമുന്നണികള്‍ക്കും ഏഴു വീതം സീറ്റായതിനെത്തുടര്‍ന്ന് ഈ മത്സരത്തില്‍ നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസ് പ്രതിനിധി എന്‍.ടി. ഷിജിത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഫെബ്രുവരി 28 ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി. മുംതാസ് വിജയിച്ചതോടെ യുഡിഎഫിന് ഭരണം നിലനിര്‍ത്താനായി. ഇതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫില്‍ നിന്നും തിരിച്ച് പിടിക്കാനുള്ള നീക്കങ്ങള്‍ യുഡിഎഫില്‍ ശക്തമാവുന്നത്. സ്ഥാനം ഒഴിയാന്‍ വൈസ് പ്രസിഡന്റ് തയ്യാറായിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതാണെന്നും യുഡിഎഫ് അറിയിച്ചു.