‘പരാതിക്കാരി വിവാഹിതയെങ്കിൽ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനിൽക്കില്ല’: സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: പരാതിക്കാരി വിവാഹിതയാണെങ്കിൽ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം കേസിൽ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണ്. കുറ്റകൃത്യത്തിന് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ജസ്റ്റിസ് എ ബദറുദ്ദീൻ നിരീക്ഷിച്ചു.
പൊലീസ് ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന വ്യക്തി പ്രതിയായ കേസിൽ വിധി പറയുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീഷണം. യുവാവ് വിവാഹ വാഗ്ദാനം നൽകി പരാതിക്കാരിയുമായി ഒന്നിലധികം തവണ ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും 9,30,000 രൂപ വാങ്ങിയെന്നുമാണ് കേസ്. പ്രതിക്കെതിരെ അനധികൃതമായി തടങ്കലിൽ വെയ്ക്കൽ, ഒരേ സ്ത്രീയെ ആവർത്തിച്ച് ബലാത്സംഗം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസെടുത്തത്.

പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പിന്നീടാണ് അവർ വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞതെന്നുമാണ് പ്രതിയുടെ വാദം. ഇതിന് ശേഷമാണ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നും ഇയാൾ വാദിച്ചു. തുടർന്നാണ് കോടതിയുടെ നിരീക്ഷണം. ഹർജിക്കാരനും പരാതിക്കാരിയും തമ്മിലുള്ള ലൈംഗിക ബന്ധം പരസ്പര സമ്മതത്തിലൂടെയാണെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് സമ്മതം നേടിയതെന്ന് പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുമ്പോൾ മാത്രമേ കുറ്റകൃത്യമാകൂ.
വിവാഹ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാൽ ഒരു സ്ത്രീ വിവാഹമോചനം നേടാതെ വിവാഹവാഗ്ദാനത്തിന്റെ പേരിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സാഹചര്യം വ്യത്യസ്തമാക്കുന്നു. അത്തരം സന്ദർഭങ്ങളിൽ വിവാഹ വാഗ്ദാനം തന്നെ അസാധ്യമാണെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
Description: ‘If the complainant is married, the charge of rape by promise of marriage does not stand’: High Court with important observation