ദേശീയപാതയിലെ പൊടി ശല്യം; പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ്


വടകര: ദേശീയപാതയുടെ നിർമ്മാണ പ്രവർത്തി നടക്കുന്ന മേഖലകളിൽ പൊടി ശല്യം രൂക്ഷമാകുന്നു. ഇത് ഇരുചക്രവാഹന യാത്രികർക്കും കാൽനടയാത്രക്കാർക്കും റോഡിന് സമീപത്തെ കച്ചവടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പൊടി ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊടി ശല്യം കാരണം അപകട സാധ്യതയും ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ട്.

ദേശീയപാത നിർമ്മാണ കമ്പനിയായ വാഗാഡ് വടകര പുതിയ ബസ്റ്റാൻഡ് മുതൽ പെരുവാട്ടംതാഴെ വരെയുള്ള മേഖലകളിൽ വെള്ളം നനച്ച് പൊടി ശല്യത്തിന് പരിഹാരം കാണണമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ സി. നിജിൻ പറഞ്ഞു. പൊടി ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വാഗഡ് കമ്പനിയുടെ ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടിയിലേക്ക് യൂത്ത്കോൺഗ്രസ് കടക്കുമെന്ന് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. ഈ മേഖലയിലെ സർവീസ് റോഡ് ടാർ ചെയ്ത് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.