കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ല, ഈ നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്; കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി വടകരയിൽ നടന്ന സെമിനാർ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു


വടകര: ജന്മിയെ കമ്മ്യൂണിസ്റ്റാക്കിയ മാന്ത്രിക വിദ്യയായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിഎന്ന നാടകം. കലയും സാഹിത്യവും എങ്ങിനെ നാടിനെ ഇളക്കിമറിക്കാനാവുമെന്ന് കെപിഎസി കാണിച്ചു കൊടുത്തു. കെപിഎസി ഇല്ലായിരുന്നുവെങ്കിൽ കേരളത്തിൽ ഇത്ര വേഗം ഇടതുപക്ഷം അധികാരത്തിൽ വരുമായിരുന്നില്ലെന്ന് എം മുകുന്ദൻ പറഞ്ഞു. കെപിഎസി നാടക പ്രസ്ഥാനം ശക്തമായി വീണ്ടെടുക്കേണ്ട കാലമാണിത്. റോഡിലെ മാലിന്യം മാത്രം നീക്കിയാൽ പോര. മനസ്സുകളിലെ മാലിന്യം കൂടി നീക്കണം. കെ പി എസി പോലുള്ള നാടകങ്ങൾക്ക് ഇതിന് കഴിയുന്നുണ്ടെന്ന് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി വടകര ടൗൺ ഹാളിൽ ” കേരളത്തിന്റെ സാംസ്കാരിക നവോത്ഥാനവും കെ പിഎസി യും ” എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം മുകുന്ദൻ. ഇടത്പക്ഷ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. ചിലപ്പോ കാർമേഘം വന്നു മൂടിയാലും,സൂര്യർ പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.അതുകൊണ്ടുതന്നെ നമുടെ പ്രതീക്ഷകൾ അസ്തമിക്കുന്നില്ല. വീണ്ടും വീണ്ടും നാം സ്വപ്നം കാണണം. നമ്മുടെ പിതാമഹൻമാർ നടന്നുനീങ്ങിയ ഈ നാടിന്റെ കനൽ വഴികൾ കൂടി ഓർത്ത് വെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രകാരൻ പി ഹരീന്ദ്രനാഥ് അധ്യക്ഷനായി. സെമിനാറിൽ മാധ്യമ പ്രവർത്തകൻ ബൈജുചന്ദ്രൻ, എഴുത്തുകാരൻ ഇപി രാജഗോപാലൻ, നിരൂപകൻ കെ വി സജയ് എന്നിവർ സംസാരിച്ചു. പി കെ സബിത്ത് സ്വാഗതവും കെ പി രമേശൻ നന്ദിയും പറഞ്ഞു.