മദ്യപിച്ച് കെ.ജി.എഫിലെ ‘റോക്കിഭായ്’ ആയി, ഭാര്യയെ പൊതിരെ തല്ലി; പൊക്കിയെടുത്ത് ജീപ്പിലിട്ട് വണ്ടന്‍മേട് പൊലീസ്: ഭാര്യയെ തല്ലിയെന്ന പരാതിയില്‍ ഇടുക്കി സ്വദേശി അറസ്റ്റില്‍


ഇടുക്കി: മദ്യപിച്ച് എത്തി സ്ഥിരം ഭാര്യയെ മര്‍ദ്ദിക്കുന്ന യുവാവ് അറസ്റ്റില്‍. അണക്കര പുല്ലുവേലില്‍ ജിഷ്ണുദാസ് എന്ന ഉണ്ണിയെ (27) വണ്ടന്‍മേട് പൊലീസാണ് പിടികൂടിയത്.

ജെസിബി ഉടമയും ഡ്രൈവറുമായ ഇയാള്‍ മദ്യപിച്ച് കഴിഞ്ഞാല്‍ കെ.ജി.എഫ് സിനിമയിലെ ‘റോക്കി ഭായ്’ ചമഞ്ഞ് ഭാര്യയെ സ്ഥിരം മര്‍ദ്ദിക്കുമെന്നാണ് പരാതി.

യുവാവ് കഴിഞ്ഞ 19ന് രാത്രിയിലും മദ്യപിച്ച ശേഷം ഭാര്യയെ തല്ലി. വിവരം അറിഞ്ഞ ഭാര്യാപിതാവ് വീട്ടിലെത്തി. അദ്ദേഹത്തിന്റെ മുമ്പില്‍ വച്ചും യുവാവ് ഭാര്യയെ മര്‍ദ്ദിക്കുകയായിരുന്നു.

വലിയ മോതിരം ധരിച്ചിരുന്ന യുവാവ് അത് ഉപയോഗിച്ചും ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിന്റെ പാടുകളും ഭാര്യയുടെ മുഖത്തുണ്ട്. കഴുത്തിന് കുത്തിപിടിച്ച് ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.