“ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, തെറ്റ് ചെയ്തെങ്കിൽ എന്നെ കല്ലെറിഞ്ഞ് കൊന്നോട്ടെ”; അർജുൻ്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മനാഫ്


കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. അർജുൻ്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. താൻ കുടുംബത്തിന് പണം കൊടുത്തിട്ടില്ലെന്നും മനാഫ് പറഞ്ഞു. ഒരിക്കല്‍ ഉസ്താദിനൊപ്പം കുടുംബത്തെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം പണം കൊടുത്തിരുന്നു. അതാകും കുടുംബം ഉദ്ദേശിച്ചത്.

എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. അർജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും മനാഫ് ചോദിച്ചു. അർജുന്റെ അമ്മ എന്റെയും അമ്മയാണ്. എന്നെ തള്ളി പറഞ്ഞാലും കുഴപ്പമില്ല. അർജുന്റെ കുടുംബത്തിന് ആവശ്യം വന്നാല്‍ ഇനിയും കൂടെ ഉണ്ടാകുമെന്നും മനാഫ് പറഞ്ഞു.

താൻ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിക്കുന്നു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാൻ ആർക്കാണ് അവകാശം. തനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് കരുതിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നായിരുന്നു മനാഫിന്‍റെ വിശദീകരണം.

എന്റെ ലോറിക്ക് അർജുന്റെ പേരിടുമെന്നും കാര്യമായ തർക്കം കുടുംബവുമായി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങളും ആരോപണങ്ങളും തന്നെ ബാധിക്കില്ലെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞു.

Summary: “I have done nothing wrong, if I have, stone me to death”; Manaf responded to the allegations of Arjun’s family