ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭര്‍ത്താവ്, പരാതി വ്യാജമെന്ന് ഭാര്യ; പോലീസിന് മൊഴി നല്‍കാതെ മുങ്ങി ഭര്‍ത്താവ്
കോഴിക്കോട്: എലത്തൂരില്‍ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന പരാതിയുമായി ഭര്‍ത്താവ്. തലക്കുളത്തൂര്‍ അണ്ടിക്കോട് കോളിയോട്ട് താഴം ഭാഗത്തെ മധ്യവയസ്‌കനാണ് ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂര്‍ പോലീസിനെ വിളിച്ചറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പരിക്കേറ്റ നിലയിലായിരുന്നു മധ്യവയസ്‌കന്‍. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ഭര്‍ത്താവ് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ഭാര്യ കോഴിക്കോട് പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം കാണിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതായും അന്നശ്ശേരി കോളിയോട്ടുതാഴം സ്വദേശിനിയായ വീട്ടമ്മ പറഞ്ഞു.
”ഭക്ഷണമുണ്ടാക്കുന്നതിനിടയില്‍ ഭര്‍ത്താവ് പുറകിലൂടെ കത്തിയുമായി വന്ന് കഴുത്തിന് മുറുക്കിപ്പിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അടുത്തവീട്ടിലേക്ക് താന്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് പിന്നാലെ കൊലവിളിയുമായി ഓടിയെത്തി. ഇതോടെ ആളുകള്‍ ഓടിക്കൂടി. എന്നാല്‍ ആളുകള്‍ വന്നതോടെ ഭര്‍ത്താവ് വീട്ടിലെ മുറിയില്‍ കയറി വാതിലടച്ചിരുന്നു. വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ തന്റെ സഹോദരന്റെ മകനെ ഭര്‍ത്താവ് കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. ശേഷം വീണ്ടും മുറിയില്‍പോയി സ്വയം ജനനേന്ദ്രിയം മുറിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ്” വീട്ടമ്മ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
”വിവരമറിഞ്ഞെത്തിയ എലത്തൂര്‍ പോലീസിനോടും കൂടിനിന്നവരോടും താനാണ് ജനനേന്ദ്രിയം മുറിക്കാന്‍ ശ്രമിച്ചതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമനുഭവിക്കുകയാണെന്നും, ഒരു മാസം മുമ്പ് ഭര്‍ത്താവ് തന്നെയും മകളെയും മര്‍ദിച്ചതിനെ തുടര്‍ന്നുള്ള കേസ് ഇപ്പോഴും നിലവിലുണ്ടെന്നും” വീട്ടമ്മ പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ടാണ് വീട്ടമ്മ ഭര്‍ത്താവിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കത്തി കാണിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് എലത്തൂര്‍ പോലീസിലും പരാതി നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി, ഡിജിപി, പ്രതിപക്ഷനേതാവ്, വനിതാകമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും വീട്ടമ്മ പറഞ്ഞു.
[mid5]
എന്നാല്‍ ജനനേന്ദ്രിയം ഭാര്യ മുറിച്ചെന്ന് പരാതി നല്‍കിയ മധ്യവയസ്‌കന്‍ പോലീസിന് മൊഴി നല്‍കാതെ മുങ്ങിയതായാണ് വിവരം. രണ്ടുതവണ വീട്ടിലും ആശുപത്രിയിലും പോലീസ് ഇയാളെ തിരഞ്ഞ് എത്തിയെങ്കിലും കണ്ടെത്താനായില്ല. ആശുപത്രിയില്‍ നിന്നും പോയ ഇയാള്‍ വീട് അടച്ചു പോയെന്നാണ് വിവരം.
[mid6]